കാർവാർ MLA സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ; ഇരുമ്പയിര് കടത്തുകേസിൽ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

സതീഷ് കൃഷ്ണ സെയിൽ
സതീഷ് കൃഷ്ണ സെയിൽ

ബെം​ഗളൂരു: കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിലിനെ സിബി.ഐ. അറസ്റ്റ് ചെയ്തു. കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസിലാണ് കോണ്‍ഗ്രസ് എം.എല്‍.എയായ സതീഷ് കൃഷ്ണ സെയിലിന്റെ അറസ്റ്റ്. ബിലികേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് സതീഷിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ശിക്ഷ നാളെ വിധിക്കും. 

ബെം​ഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ച എം.എൽ.എ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എം.എൽ.എ.യെ പരപ്പന അഗ്രഹാര ജയിലേക്ക് മാറ്റി.

2010-ലെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഏകദേശം  7.74 ദശലക്ഷം ടൺ ഇരുമ്പയിര് ബിലികേരി തുറമുഖം വഴി അനധികൃതമായി കടത്തിയെന്നാണ് കേസ്. കർണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ ഇടപെടലിലൂടെയായിരുന്നു അന്ന് കുറ്റകൃത്യം പുറത്തുവരുന്നത്. സമാനമായ മറ്റ് ആറുകേസുകളും എം.എൽ.എയ്ക്കെതിരെയുണ്ട്. 

ഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിലിൽ സജീവമായ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു സതീഷ് കൃഷ്ണ സെയിൽ.

Content Highlights: Karwar MLA sathish krishna sail arrested