കരുവാറ്റ കൊലപാതകം: തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം

ചേർത്തല: കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം. എട്ടാംക്ലാസുകാരിയുൾപ്പെടെ നാലു കൗമാരക്കാർ ആസൂത്രിതമായി നടത്തിയ കൊലപാതകം ദേശീയതലത്തിലും ചർച്ചയായിരുന്നു.
സുപ്രീംകോടതി നിയോഗിച്ച ബാലാവകാശ നിയമവിദഗ്ധർ തിങ്കളാഴ്ച കുറ്റാരോപിതരായ കുട്ടികളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. കോഴിക്കോട്ടെ നിരീക്ഷണകേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയുമായും ചേർത്തല മായിത്തറയിലെ നിരീക്ഷണകേന്ദ്രത്തിൽ കഴിയുന്ന മൂന്നുപേരുമായാണ് സംസാരിച്ചത്. കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ നിർദേശിച്ചതായാണു വിവരം. കുട്ടികൾ കുറ്റാരോപിതരാകുന്ന കേസിന്റെ വിചാരണാവേളയിലടക്കം സുപ്രീംകോടതി നിയോഗിക്കുന്ന നിയമവിദഗ്ധരുടെ നിരീക്ഷണമുണ്ടാകും. ഇതിന്റെ ഭാഗമായാണ് കരുവാറ്റ കേസിലെ ഇടപെടലെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്. ഹൈക്കോടതി കേന്ദ്രമായ കേരള നിയമസഹായ സമിതിയിലെ അംഗങ്ങൾ മായിത്തറയിലെ നിരീക്ഷണകേന്ദ്രത്തിലെത്തി മൂന്നു കുട്ടികളുമായി സംസാരിച്ച് വിവരം ശേഖരിച്ചു. അടുത്തദിവസം ഇവർ കോഴിക്കോട് പോയി പെൺകുട്ടിയെയെും കാണും. അപൂർവങ്ങളിൽ അപൂർവമായ കേസ് നിയമകേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
കുറ്റാരോപിതരെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുമ്പിൽ ഹാജരാക്കും
എട്ടാംക്ലാസുകാരി പറഞ്ഞതനുസരിച്ച് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരായ മൂന്നു കുറ്റാരോപിതരെ ശനിയാഴ്ച ഹാജരാക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ്. ചേർത്തല മായിത്തറയിൽ തിങ്കളാഴ്ച നടന്ന സിറ്റിങ്ങിൽ പോലീസിന്റെ അപേക്ഷയിലാണ് ഉത്തരവ്.
വിവരശേഖരണത്തിനും തൊണ്ടിമുതൽ കണ്ടെത്തുന്നതിനും സംഭവസ്ഥലത്തു തെളിവെടുക്കുന്നതിനുമായി കുറ്റാരോപിതരെ കസ്റ്റഡിയിൽ വിടണമെന്ന് പോലീസിനു വേണ്ടി ഹാജരായ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിൽ അഭ്യർഥിച്ചു. കൊലപാതകശേഷം വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും മറ്റും നഷ്ടപ്പെട്ടിരുന്നു.
കുറ്റാരോപിതർ കൈയുറ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഇത് എവിടെനിന്നു വാങ്ങിയെന്നു കണ്ടെത്തണം. കൊല്ലത്തുനിന്നു തീവണ്ടിയിൽ ഹരിപ്പാട്ടെത്തിയ ഇവർ ഓട്ടോറിക്ഷയിലാണ് കരുവാറ്റയിൽ വന്നത്. ഇവരെ ഓട്ടോറിക്ഷ ഡ്രൈവർ തിരിച്ചറിയുമോയെന്നും പരിശോധിക്കണം. ഈ വിവരങ്ങളാണ് പോലീസിനുവേണ്ടി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജുവനൈൽ ജസ്റ്റിസ് ബോർഡിനെ അറിയിച്ചത്.
കുറ്റാരോപിതർ പ്രായപൂർത്തിയാകാത്തവരായതിനാൽ ചോദ്യംചെയ്യലിനുപകരം അഭിമുഖം നടത്താനേ അനുമതി ലഭിക്കൂ. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സാന്നിധ്യവും വേണം. കസ്റ്റഡിയിൽ വിടുന്നതിനെ എക്സ്കോർട്ട് മൂവ്മെന്റ് എന്നാണറിയപ്പെടുന്നത്. അതിസുരക്ഷയോടെ മാത്രമേ ഇവരെ പോലീസിനു കൊണ്ടുപോകാൻ കഴിയൂ. സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും പോലീസിനുണ്ട്.
കരുവാറ്റയിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ, 15-നു രാത്രിയിലാണു കൊല്ലപ്പെട്ടത്. ബന്ധുവായ എട്ടാംതരം വിദ്യാർഥിനിയും കൊല്ലം പരവൂർ സ്വദേശികളായ സുഹൃത്തുക്കളും തിങ്കളാഴ്ച രാത്രിയോടെ പിടിയിലായി. അന്നുമുതൽ ഇവർ സാമൂഹികക്ഷേമവകുപ്പിന്റെ മായിത്തറയിലെ കേന്ദ്രത്തിലാണ്. പെൺകുട്ടി കോഴിക്കോട്ടെ സംരക്ഷണകേന്ദ്രത്തിലും.
Content Highlights: Supreme Court observes Karuvatta elderly man murder case involving minors. Accused teens to be produced before Juvenile Justice Board.