‘സ്നേഹം കിട്ടിയില്ല, അമിതമായി ഇടപെട്ടു, പലതും വിലക്കി’; കൊലയ്ക്ക് കാരണം കുടുംബസാഹചര്യമെന്ന് 13-കാരി

#ന്യൂസ് ഡെസ്ക്
• കരുവാറ്റയിൽ കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം പുറത്തേക്ക് കൊണ്ടു വന്നപ്പോൾ കരയുന്ന ഭാര്യ സരസ്വതി (ഉൾച്ചിത്രത്തിൽ കൊല്ലപ്പെട്ട ശിവൻകുട്ടിചെട്ടിയാർ), കൊല്ലപ്പെട്ട ശിവൻകുട്ടി വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ പിന്നിലുള്ള ശൗചാലയത്തിലെ എയർഹോളിനു മുകളിലെ ഷീറ്റ് പൊട്ടിയനിലയിൽ. ചുവടെയുള്ള എയർഹോളിലൂടെയാണ് പിടിയിലായവർ വീട്ടിൽ കടന്നത്.
• കരുവാറ്റയിൽ കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം പുറത്തേക്ക് കൊണ്ടു വന്നപ്പോൾ കരയുന്ന ഭാര്യ സരസ്വതി (ഉൾച്ചിത്രത്തിൽ കൊല്ലപ്പെട്ട ശിവൻകുട്ടിചെട്ടിയാർ), കൊല്ലപ്പെട്ട ശിവൻകുട്ടി വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ പിന്നിലുള്ള ശൗചാലയത്തിലെ എയർഹോളിനു മുകളിലെ ഷീറ്റ് പൊട്ടിയനിലയിൽ. ചുവടെയുള്ള എയർഹോളിലൂടെയാണ് പിടിയിലായവർ വീട്ടിൽ കടന്നത്.

ആലപ്പുഴ: കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെ കുടുംബത്തെപ്പറ്റിയുള്ള പരാമർശങ്ങളിൽ പൊട്ടിക്കരഞ്ഞ് 13-കാരി. കുടുംബത്തിലെ സാഹചര്യങ്ങളും വ്യക്തിപരമായ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയതായാണ് വിവരം.

ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകിയെങ്കിലും കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. കൊല്ലപ്പെട്ട ശിവൻകുട്ടി തന്റെ കാര്യങ്ങളിൽ അമിതമായി ഇടപെടുകയും പലതും വിലക്കുകയും ചെയ്തിരുന്നുവെന്നാണ് മൊഴി. "എനിക്ക് കുട്ടിക്കാലത്ത് സ്നേഹം കിട്ടിയിരുന്നില്ല. ബന്ധുവിൽനിന്ന് ഒരുപാട് വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്", എന്ന് പറഞ്ഞാണ് പെൺകുട്ടി കരഞ്ഞതെന്നാണ് വിവരം.

പെൺകുട്ടിക്ക് കൂടുതൽ ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നതും വീട്ടിൽ രാത്രി വൈകിയെത്തുന്നതും അമിതമായ ഫോൺ ഉപയോഗിക്കുന്നതും ശിവൻകുട്ടി എതിർത്തിരുന്നു. ഇതാണ് ശിവൻകുട്ടിയോട് കടുത്ത പകയുണ്ടാകാൻ കാരണം. ഈ പക തീർക്കാൻ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.

മാസങ്ങൾക്കു മുമ്പുതന്നെ ഇവർ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ വിഷംനൽകി കൊലപ്പെടുത്താനായിരുന്നു ശ്രമം. പിന്നീട് വാഹനാപകടത്തിൽ പെടുത്താൻ തീരുമാനിച്ചെങ്കിലും, അത് നടന്നില്ല. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയംനോക്കി കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. മകൾ പ്രസവത്തിനായി ആശുപത്രിയിൽ പോകുന്ന നാലുദിവസം ശിവൻകുട്ടി ഒറ്റയ്ക്കായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവർ കൊലപാതകാസൂത്രണം നടത്തിയത്. ട്രെയിൻവഴിയാണ് കാമുകനും സുഹൃത്തുക്കളും കൃത്യത്തിനെത്തിയത്. ഓരോ നിമിഷവും പെൺകുട്ടി ഫോണിൽ കൂടി നിർദേശം നൽകിക്കൊണ്ടിരുന്നു.

കൊലപാതകത്തിന് ശേഷം ഞായറാഴ്ച പുലർച്ചെ ഏഴു കിലോമീറ്ററോളം അകലെയുള്ള ഹരിപ്പാട്ടെത്തി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്തുള്ള തട്ടുകടയിൽനിന്ന് ആഘോഷപൂർവം ഭക്ഷണം കഴിച്ചു. ആസൂത്രണംചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവർ. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയിൽനിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്.

ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു 13 വയസ്സുകാരിയുടെ ആത്മവിശ്വാസം. അതിനാൽ, കേസിൽ നിർണായകമായ മൊബൈൽ ഫോൺ രേഖകൾ മായ്ക്കാൻ ശ്രമിച്ചില്ല. പിടിയിലായവരുമായുള്ള ഫോൺ വിളികളും ചാറ്റുകളും അതുപോലെ ഫോണിലുണ്ടായിരുന്നു.

കരുവാറ്റയിലെ വീടിന്റെ ലൊക്കേഷൻ അയച്ചതും കുറ്റാരോപിതർ കൊല്ലത്തുനിന്ന് വരുന്നവഴി നടത്തിയ ഫോൺവിളിയുടെ വിശദാംശങ്ങളും പോലീസിനു കിട്ടി. പെൺകുട്ടി കൊലപാതകം തത്സമയം കണ്ടുവെന്ന് പോലീസിനു മനസ്സിലായതും അങ്ങനെയാണ്.

കൊലപാതകശേഷം മറ്റു കാര്യങ്ങളെല്ലാം പെൺകുട്ടി അപ്പപ്പോൾ കുറ്റാരോപിതരെ അറിയിക്കുന്നുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതും പെൺകുട്ടിയോടു കാര്യങ്ങൾ ചോദിച്ചതും പിടിയിലായവർ അറിഞ്ഞിരുന്നു. ഇതിനുശേഷമാണ് അന്വേഷണോദ്യോഗസ്ഥർ പെൺകുട്ടിയിൽനിന്നു ഫോൺ വാങ്ങിയത്.

പെൺകുട്ടിക്ക് ഒട്ടേറെ ആൺസുഹൃത്തുക്കളുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഇവരിൽ ചിലർക്കു മാത്രമാണ് കൊലപാതകത്തെപ്പറ്റി അറിവുണ്ടായിരുന്നത്. കുട്ടിയുമായി ബന്ധമുണ്ടായിരുന്നവരിൽനിന്നെല്ലാം വിവരം ശേഖരിക്കാനാണ് പോലീസ് ശ്രമം.

മുൻപ് പരവൂരിൽ താമസിക്കുന്ന കാലത്ത് സ്കൂളിൽവെച്ചാണ് പെൺകുട്ടി ആൺസുഹൃത്തുമായി പരിചയത്തിലായത്. രണ്ടുവർഷംമുൻപാണ് ശിവൻകുട്ടിയും ഭാര്യയും കരുവാറ്റയിലേക്കു മാറിയത്. ശാന്തശീലനായ ശിവൻകുട്ടി നാട്ടുകാർക്ക് ഏറെ സ്വീകാര്യനായിരുന്നു. മകൻ വർഷങ്ങൾക്കുമുൻപ് ആത്മഹത്യചെയ്തിരുന്നു. രണ്ടു പെൺമക്കൾക്കൊപ്പമായിരുന്നു പിന്നീട്‌ താമസം. അവർ ആലപ്പുഴയിലേക്കു പോയപ്പോഴാണ് പരവൂരിൽനിന്ന് മാറിയത്.

Content Highlights: A 13-year-old girl broke down during police interrogation regarding the murder of Shivankutty in Karuvatta, Alappuzha., The murder was meticulously planned months in advance due to personal grudges and strict restrictions imposed by the victim., Digital evidence and CCTV footage played a crucial role in cracking the case and linking the girl to the conspirators.