ഒന്ന് ഫോൺ കൊടുത്തതേ ഓർമയുള്ളൂ, പിന്നാലെ ജയിലിൽ; ഒടുവിൽ 'കൊല്ലപ്പെട്ട' സ്ത്രീ ജീവനോടെ തിരികെയെത്തി, കേസിൽ ട്വിസ്റ്റ്

ബെംഗളൂരു: ഏഴു വർഷങ്ങൾക്ക് മുമ്പ് ബസ് സ്റ്റാൻഡിൽവെച്ച് ഒരു സുഹൃത്തിനെ വിളിക്കാൻ ഫോൺ ചോദിച്ച യുവതിക്ക് മൊബൈൽഫോൺ നൽകി ചെറിയൊരു സഹായം ചെയ്തത് മാത്രമേ ആ യുവാവിന് ഓർമയുള്ളൂ... മുഖം പോലും ഓർമയിൽ ഇല്ലാത്ത ആ സ്ത്രീയെ കൊലചെയ്തു എന്നാരോപിച്ച് രണ്ടര വർഷത്തിലേറെയാണ് അയാൾക്ക് ജയിലിൽ കഴിയേണ്ടി വന്നത്. കൊല്ലപ്പെട്ടു എന്ന് കരുതപ്പെട്ട മഞ്ജു എന്ന യുവതി ഈ വർഷം ജീവനോടെ ഗ്രാമത്തിൽ തിരിച്ചെത്തിയതോടെയാണ് സംഭവത്തിൽ വലിയ വഴിത്തിരിവുണ്ടാവുകയും പോലീസിന്റെ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ പുറത്തുവരികയും ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ നാഗരാജു, 28-കാരിയായ തന്റെ മകൾ മഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് പോലീസ് പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം. ബന്ധുകൂടിയായ മഞ്ജുനാഥിനാണ് നാഗരാജു മകളെ വിവാഹംചെയ്ത് നൽകിയിരുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം അസുഖം ബാധിച്ചതിനെ തുടർന്ന് മഞ്ജു സ്വന്തം വീട്ടിൽ തിരികെയെത്തുകയും പിതാവിനൊപ്പം താമസിക്കുകയും ചെയ്തു. കുറച്ചുനാളുകൾക്ക് ശേഷം, 2019 ജൂൺ 23-ന്, മകളെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നാഗരാജു പാണ്ഡവപുര പോലീസിനെ സമീപിക്കുകയായിരുന്നു.
എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ഏകദേശം രണ്ടു വർഷങ്ങൾക്കുശേഷം നാഗരാജു വീണ്ടും പ്രാദേശിക പോലീസിനെ സമീപിക്കുകയും തന്റെ മകൾ കൊല്ലപ്പെട്ടുവെന്നും ഇതിന് പിന്നിൽ മഞ്ജുവിന്റെ സുഹൃത്തായ രാജേഷ എന്നയാൾ ആണെന്നും ആരോപിച്ചു. 2021 ഓഗസ്റ്റ് 11-ന് നൽകിയ പരാതിയിൽ, താൻ പാണ്ഡവപുരയിൽ താമസിക്കുന്ന അനന്തപത്മനാഭൻ, ഗുരു കുമാർ എന്നിവരെ കണ്ടുമുട്ടിയതായും മകളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണോ എന്ന് അവർ ചോദിച്ചതായും നാഗരാജു പറയുന്നു. സംഭവിച്ച കാര്യങ്ങൾ രാജേഷ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു.
പരാതിയിൽ പറയുന്നത് പ്രകാരം, രാജേഷയ്ക്ക് മഞ്ജുവുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാൾ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും നാഗരാജുവിനോട് ഈ രണ്ടു വ്യക്തികളും അവകാശപ്പെട്ടിരുന്നു. അതേസമയം, രാജേഷയ്ക്ക് മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും മഞ്ജു ഇതിനെ എതിർത്തിരുന്നുവെന്നും അവർ പറഞ്ഞു. മഞ്ജു ജീവിച്ചിരുന്നാൽ തന്റെ വിവാഹം നടക്കാൻ അനുവദിക്കില്ലെന്നും, അതുകൊണ്ട് 2019 ജൂൺ 23-ന് മഞ്ജുവിനെ പാണ്ഡവപുരത്തുനിന്ന് പുറത്തുകൊണ്ടുപോയി ശ്രീരംഗപട്ടണത്തിന് സമീപമുള്ള കാവേരി നദിയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി രാജേഷ തങ്ങളോട് വെളിപ്പെടുത്തിയെന്നും അനന്തപത്മനാഭനും ഗുരുകുമാറും പറഞ്ഞതായി നാഗരാജു പരാതിയിൽ പറയുന്നു.
പിന്നാലെയാണ്, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നിർമണത്തൊഴിലാളിയായ രാജേഷയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. മരിച്ച യുവതിയെക്കുറിച്ച് യാതൊന്നും അറിയില്ലെന്ന് കേണപേക്ഷിച്ചെങ്കിലും പോലീസ് രാജേഷയെ ജയിലിലടച്ചു. അന്നത്തെ പാണ്ഡവപുര പോലീസ് ഇൻസ്പെക്ടർ പ്രഭാകർ രാജേഷയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കുറ്റപത്രവും സമർപ്പിച്ചു. രണ്ടര വർഷത്തിലധികം ജയിൽവാസം അനുഭവിച്ച ശേഷം 2024 ഫെബ്രുവരിയിലാണ് രാജേഷയ്ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ സാധിച്ചത്.
പുറത്തിറങ്ങിയ രാജേഷ ഈ കേസിന്റെ സത്യാവസ്ഥ മനസിലാക്കാൻ ശ്രമിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഒടുവിൽ ഈ വർഷം നവംബർ 11-ന് മഞ്ജു ജീവനോടെ ഗ്രാമത്തിൽ തിരിച്ചെത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
'ഈയടുത്ത് മഞ്ജു പിതാവ് നാഗരാജുവിന്റെ വീട്ടിലെത്തുകയും, ഒരു നാട്ടുകാരൻ ഇവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി പ്രാദേശിക മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് ഗ്രാമവാസികളുടെ സഹായത്തോടെ ഞങ്ങൾ അവരുടെ താമസം കണ്ടെത്തി. ഈ വിവരം കോടതിയെ അറിയിക്കുകയും രാജേഷയെ അന്യായമായി തടവിൽ പാർപ്പിച്ചതിനെതിരെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. യാതൊരു തെളിവുമില്ലാതെയാണ് പോലീസ് ഉദ്യോഗസ്ഥൻ രാജേഷയെ അറസ്റ്റ് ചെയ്തത്.' രാജേഷയുടെ അഭിഭാഷകനായ നടേഷ് പറഞ്ഞു.
'അന്ന്, 2019 ജൂൺ 23-ന് ഞാൻ പാണ്ഡവപുര ബസ് സ്റ്റാൻഡിന് സമീപം ബസ് കാത്തുനിൽക്കുകയായിരുന്നു. ഒരു സ്ത്രീ വന്ന് ബന്ധുവിനെ വിളിക്കാൻ ഫോൺ തരുമോയെന്ന് ചോദിച്ചു. ഞാൻ എന്റെ ഫോൺ നൽകി. കോളിന് ശേഷം അവർ ഫോൺ തിരികെ നൽകി പോയി. അതിനുമുമ്പ് ഞാൻ ആ സ്ത്രീയെ കണ്ടിട്ടുപോലുമില്ലായിരുന്നു.' ദുരന്തത്തിലേക്ക് വഴിതുറന്ന ആ ദിവസത്തെക്കുറിച്ച് രാജേഷ ഓർത്തെടുത്തു. മഞ്ജു അവസാനമായി വിളിച്ചത് രാജേഷയുടെ ഫോണിൽ നിന്നാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ, ഇയാൾക്കൊപ്പമാണ് മഞ്ജു പോയതെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു.
'എന്നെ 15 ദിവസത്തോളം പോലീസ് സ്റ്റേഷനിൽ അടച്ചിട്ട് ദിവസവും മർദിച്ചു. ആ സ്ത്രീയെ എനിക്ക് അറിയില്ലെന്ന് പലതവണ പറഞ്ഞിട്ടും, പോലീസ് ഇൻസ്പെക്ടർ പ്രഭാകറും ജീവനക്കാരും എന്നെ ക്രൂരമായി മർദിക്കുകയും ഇലക്ട്രിക് ഷോക്ക് നൽകുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. അന്വേഷണത്തിന്റെ പേരിൽ കുടകിലേക്ക് കൊണ്ടുപോയും മർദ്ദിച്ചു. ഒടുവിൽ, ആ സ്ത്രീയെ കാവേരി നദിയിലേക്ക് തള്ളിയിട്ടു എന്ന് മൊഴി നൽകാൻ പോലീസ് എന്നെ നിർബന്ധിക്കുകയായിരുന്നു.' പോലീസുകാരിൽ നിന്ന് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് രാജേഷ പറയുന്നു.
സംഭവത്തിനുശേഷം വലിയ സാമൂഹിക ഒറ്റപ്പെടലാണ് തന്റെ കുടുംബത്തിന് നേരിടേണ്ടി വന്നതെന്നും താൻ നിരപരാധിയാണെന്ന് എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്നും രാജേഷ പറഞ്ഞു. 'ബന്ധുക്കളും അയൽക്കാരും നാട്ടുകാരും എന്റെ കുടുംബത്തെ ഒറ്റപ്പെടുത്തി. ഞാൻ ഒരു കൊലപാതകിയാണെന്ന് കരുതി ആളുകൾ എന്നിൽ നിന്ന് അകന്നു നിന്നു. ഞാൻ ആരെയും കൊന്നിട്ടില്ലെന്ന് ആയിരം വട്ടം കരഞ്ഞുപറഞ്ഞതാണ്.' വർഷങ്ങളോളം താനും കുടുംബവും അനുഭവിക്കേണ്ടിവന്ന ദുരിതത്തെക്കുറിച്ച് രാജേഷ കണ്ണീരോടെ പറഞ്ഞു.
സംഭവം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മഞ്ജു മാധ്യമങ്ങൾക്ക് മുന്നിലെത്തുകയും രാജേഷ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 'എന്റെ ഇഷ്ടത്തിന് വിപരീതമായാണ് മഞ്ജുനാഥുമായി വിവാഹം നടന്നത്. ഞാൻ നാഗേന്ദ്ര എന്ന വ്യക്തിയുമായി പ്രണയത്തിലായിരുന്നു, ഞാൻ അയാളോടൊപ്പം ഒളിച്ചോടുകയായിരുന്നു. രാജേഷ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു, കോൾ ചെയ്യാൻ വേണ്ടി മാത്രമാണ് അദ്ദേഹത്തിന്റെ ഫോൺ വാങ്ങിയത്. ഒളിച്ചോടിയ ശേഷം ഞങ്ങൾ കോയമ്പത്തൂരിൽ ഒരു വർഷത്തോളം താമസിച്ചു, പിന്നീട് നാഗമംഗലത്തേക്ക് മാറി. അച്ഛൻ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത വിവരം ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കോടതിയിൽ ഹാജരായി മൊഴി നൽകും.' മഞ്ജു പറഞ്ഞു.
മഞ്ജു ജീവിച്ചിരിപ്പുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസ് ഏറ്റെടുക്കുകയും മഞ്ജുവിനെ കണ്ടെത്തുകയും ചെയ്തതായി മാണ്ഡ്യ എസ്.പി. ശോഭറാണി വി.ജെ. അറിയിച്ചു. നിലവിൽ ഇവർ മഹിളാ സന്ത്വന കേന്ദ്രത്തിലാണ് ഉള്ളത്. 'കേസ് അന്വേഷിച്ച ഇൻസ്പെക്ടർ ഇപ്പോൾ സർവീസിൽ നിന്ന് വിരമിച്ചു. ഞങ്ങൾ കേസ് അന്വേഷിക്കുകയും കോടതിയുടെ തീരുമാനത്തിന് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.' എസ്.പി കൂട്ടിച്ചേർത്തു.
Content Highlights: A man named Rajesh was wrongfully imprisoned for over two years after being accused of murdering a woman, Manju, who was later found alive. The case was based on false allegations and police misconduct, including coerced confessions and lack of evidence, leading to Rajesh's arrest and social ostracism. Manju, who had eloped with another man, resurfaced, revealing the truth and prompting legal actions against the wrongful imprisonment and police errors.