പോലീസുകാരിയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്നു; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് കുറ്റക്കാരൻ

തലശ്ശേരി(കണ്ണൂർ): വനിതാ സിവിൽപോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സൗഭാഗ്യത്തിൽ പി.ദിവ്യശ്രീയെ (38) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പെരളം കോഴുമ്മൽ കോട്ടൂൽ കുന്നുമ്മൽ രാജേഷിനെ (41) ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് വെള്ളിയാഴ്ച വിധിക്കും. ദിവ്യശ്രീയെ കൊലപ്പെടുത്തുകയും തടയാനെത്തിയ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. കൊലപാതകം, കൊലപാതക ശ്രമം, കൊലപാതകത്തിനായി വീട്ടിൽ അതിക്രമിച്ച് കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
2024 നവംബർ 21-ന് വൈകീട്ട് 5.30-നായിരുന്നു സംഭവം. കൊലപാതകം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ദിവ്യശ്രീ നിലവിളിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വിചാരണസമയത്ത് കോടതി കണ്ടു. പ്രതി കൊടുവാൾകൊണ്ട് വീടിന്റെ ഗ്രിൽസിന് വെട്ടിയതായി പരിക്കേറ്റ അച്ഛൻ കെ.വാസു മൊഴി നൽകി. വീട്ടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ചതിനുശേഷം ദിവ്യശ്രീയെ പലതവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ചപ്പോഴാണ് വാസുവിനെയും വെട്ടിയത്.
സംഭത്തിനുശേഷം രാജേഷ് ബൈക്ക് ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. മറ്റു രണ്ടുപേരുടെ ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ച് പെരുമ്പയിലെത്തി. വെട്ടാനുപയോഗിച്ച കൊടുവാൾ പുഴയിൽ ഉപേക്ഷിച്ച് എ.ടി.എമ്മിൽനിന്ന് 20,000 രൂപയെടുത്ത് ബസിന് പുതിയതെരുവിലെത്തി. ബാറിൽ മദ്യപിക്കുമ്പോൾ രാത്രി 8.20-ന് പോലീസ് പിടിയിലായി. കൊടുവാൾ പിന്നീട് പുഴയിൽനിന്ന് പോലീസ് കണ്ടെടുത്തു.
Content Highlights: Court found the husband, Rajesh, guilty of the murder of civil police officer P. Divyashree., Charges include murder, attempted murder, trespassing, and destruction of evidence., The 2026 incident was captured on CCTV, providing key evidence for the prosecution., Sentencing for the convicted individual is scheduled for Friday by the Principal District Sessions Judge.