കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം, കൊലപാതകം; ഒപ്പം താമസിച്ചയാൾ മറ്റൊരിടത്ത് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജ്മുറിയിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അയ്യോത്ത് സ്വദേശി സീമയെയാണ് പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. ഇതിനുപിന്നാലെ സീമയ്‌ക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന കെ.പി. വിജയൻ എന്നയാളെ മാട്ടൂൽ എന്ന സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സ്ത്രീയെ കൊലപ്പെടുത്തിയശേഷം ലോഡ്ജിൽനിന്ന് പോയ വിജയൻ, മാട്ടൂലിലെത്തി ജീവനൊടുക്കിയതാണെന്നാണ് പോലീസ് കരുതുന്നത്.
സീമയും വിജയനും അയൽവാസികളാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഇരുവരും പറശ്ശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തത്. രണ്ടുപേരും ഒരുമിച്ചെത്തിയാണ് മുറിയെടുത്തതെന്നും നേരത്തേയും ഇരുവരും ഇവിടെ താമസിച്ചിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു. ഉച്ചയ്ക്ക് 12.50 ഓടെ ലോഡ്ജിൽ മുറിയെടുത്തശേഷം വൈകിട്ട് ആറുമണിക്കാണ് വിജയൻ പുറത്തുപോയത്. മുറി പുറത്തുനിന്ന് പൂട്ടിയിട്ടശേഷമാണ് ഇയാൾ പോയിരുന്നത്. ഏറെനേരം കഴിഞ്ഞിട്ടും വിജയൻ മടങ്ങിയെത്താതായതോടെ ലോഡ്ജ് ജീവനക്കാർക്ക് സംശയമായി. വിജയൻ നൽകിയ ഫോൺനമ്പരിൽ വിളിച്ചപ്പോൾ ഇത് സ്വിച്ച്ഓഫ് ചെയ്തനിലയിലായിരുന്നു. ഇതോടെ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സീമയെ മുറിയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. സ്ത്രീയുടെ കഴുത്തിലടക്കം പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. അതിനിടെ, കാണാതായ വിജയനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിനിടെയാണ് മാട്ടൂലിലെ കായലോരത്ത് തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. സീമയുടെ ഭർത്താവ് രണ്ടുവർഷം മുൻപാണ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Content Highlights: Tragic incident in Kannur: Woman found murdered in a lodge; her companion, suspected of the crime, found dead later. Police investigate.