‘ഓന് കള്ളും MDMAയും വേറെ പെണ്ണുമുണ്ട്, എനിക്കിങ്ങനെ ജീവിക്കാനാവില്ല’; റിസയുടെ ചാറ്റ് പുറത്ത്

#സ്വന്തം ലേഖിക

കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിലെ 20 വയസ്സുകാരി ഫാത്തിമത്തുൽ റിസയുടെ ആത്മഹത്യയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുൻപ് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനവും, ലഹരി ഉപയോഗവും കാരണമെന്നാണ് പരാതി. റിസയുടെ മുറിയിൽ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പും, കൂട്ടുകാരിക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളും തെളിവായി വീട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. റിസ മരിച്ച അന്ന് തന്നെ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റിസയുടെ മരണത്തിൽ ഭർത്താവ് ആസിഫിനായി പോലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. ജൂൺ 28നാണ് റിസ ഫാത്തിമ ആത്മഹത്യ ചെയ്തത്. റിസയുടെ മരണത്തിന് പിന്നാലെ ആസിഫ് ഗൾഫിലേക്ക് കടന്നിരുന്നു. ആസിഫിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

എട്ടുമാസം മുൻപ് ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. ആദ്യ ദിവസങ്ങൾ മുതൽക്കേ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. മാർച്ചിൽ ഭർതൃവീട്ടിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മുണ്ടേരിമൊട്ടയിലാണ് ആസിഫിന്റെ വീട്. ജൂൺ 28ന് രാത്രിയാണ് പൊയ്ത്തുംകടവിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ റിസയെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കുളിക്കാൻ പോയ റിസ ഏറെ നേരമായിട്ടും താഴെ നിലയിലേക്ക് വരുന്നത് കാണാതിരുന്ന കുടുംബം പോയി നോക്കിയപ്പോഴാണ് റിസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ ഭർത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. മാർച്ച് 1ന് ഭർത്താവിന്റെ വീട്ടിൽ വച്ച് റിസ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 

താൻ നേരിട്ട മാനസിക-ശാരീരിക പീഡനങ്ങളെ കുറിച്ച് റിസ കൂട്ടുകാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചതിന്റെ കാരണം ആസിഫാണ് അത് എല്ലാവരും അറിയണമെന്ന് പറയുന്ന ഓഡിയോ സന്ദേശങ്ങളാണിവ. റിസ കൂട്ടുകാരിക്ക് അയച്ച മെസേജുകളിലെ വിവരങ്ങൾ ഇങ്ങനെ,

ഞാൻ മരിച്ചതിന്റെ കാരണം അവനാണ്. അത് എല്ലാവരും അറിയണം. എന്നെ ഇല്ലാതാക്കിയിട്ട് അവൻ സുഖിച്ച് ജീവിക്കേണ്ട, എന്റെ കല്ല്യാണവസ്ത്രം സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്. ഞാൻ മരിച്ചാൽ അത് എടുത്ത് ഉപ്പയ്ക്ക് നൽകണം. എനിക്കിങ്ങനെ നിൽക്കാൻ കഴിയുന്നില്ല. അവൻ ചെയ്താലും എനിക്കാണ് പ്രശ്‌നം. ഞാൻ പോയിക്കഴിഞ്ഞാൽ നീ എന്റെ ഉപ്പാന്റെ അടുത്ത് എല്ലാം പറഞ്ഞുകൊടുക്കണം. ഞാൻ പറഞ്ഞാൽ പിന്നെ ഞാനാകും കുറ്റക്കാരി. എന്നെ വേണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ, കുത്തിനോവിക്കണോ. എനിക്കിങ്ങനെ നിൽക്കാൻ കഴിയുന്നില്ല, നെഞ്ചൊക്കെ വേദനയെടുക്കുന്നു. ആവശ്യമില്ലാതെ ചീത്ത വിളിക്കുന്നു. എനിക്ക് പേടിയാവുന്നു. ഞാനായിട്ട് ഒന്നും ചെയ്യുന്നില്ല. അവൻ ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതിന് എന്നെ ചീത്ത വിളിക്കുന്നു. ഉപ്പയും ഉമ്മയും എന്നെക്കൊണ്ട് ബുദ്ധിമുട്ടും. വെറുതെ എന്തിനാണ് നാണം കെടുന്നത്. ഞാൻ അത്രയും സ്‌നേഹിച്ചിട്ടും എന്നെ കുറ്റമല്ലാതെ വെറൊന്നും പറയുന്നില്ല. അവന് എല്ലാ ചെറ്റത്തരവും ഉണ്ട്. അവന് വേറെ പെണ്ണും ഉണ്ട്, കള്ളും കഞ്ചാവും ഉണ്ട്. ഞാനുള്ളപ്പോൾ തന്നെ അവൻ എല്ലാം ഉപയോഗിക്കലുണ്ട്. ബാത്‌റൂമിൽ കയറി പൊടിയടിക്കലുണ്ട്. എംഡിഎംഎ ഉപയോഗിക്കലുണ്ട്. അത് ചോദിച്ചാൽ പ്രശ്‌നമാകും. ഞാൻ മരിച്ചാൽ അവന് സന്തോഷമാകും. പക്ഷെ എന്റെ ഉപ്പയും ഉമ്മയും കരയൂലേ, മരിക്കാൻ പേടിയാണ്. ചെയ്യാണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. നീ എല്ലാം പറയണം എന്റെ ഉപ്പയോട്. അവൻ ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചോട്ടെ. എനിക്കിങ്ങനെ ജീവിക്കാൻ പറ്റുന്നില്ല.

ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആസിഫിനെ പ്രതി ചേർത്തിട്ടുണ്ട്. വളപട്ടണം പോലീസാണ് കേസ് അന്വേഷിക്കുന്നത്. വിദേശത്തുള്ള ആസിഫിനെ തിരികെ എത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്തിരുന്നപ്പോഴും മാസത്തിൽ പല തവണ ആസിഫ് നാട്ടിലെത്തുമായിരുന്നു. ഒന്നോ രണ്ടോ ദിവസം നിന്നതിനുശേഷം തിരികെ മടങ്ങും. ഇതിലും ബന്ധുക്കൾക്ക് ഇപ്പോൾ സംശയങ്ങളുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)

Content Highlights: 20-year-old Fathimathul Risa died by suicide on June 28, 2026., Family alleges physical and mental abuse by husband Asif., Suicide note and WhatsApp messages serve as primary evidence., Accused husband Asif fled to the Gulf; police issued a lookout circular., Allegations of drug abuse (MDMA) and infidelity against the husband.