നട്ടുച്ചയ്ക്ക് BSNL-ന്റെ ചെമ്പുകേബിൾ കവർന്നു; യുപി സ്വദേശികൾ എത്തിയത് വിമാനത്തിൽ; മോഷണത്തിന് ദിവസക്കൂലി

കണ്ണൂർ: വിമാനത്തിൽ ആഡംബരയാത്ര നടത്തി കണ്ണൂരിലെത്തിയ സംഘം നഗരമധ്യത്തിൽ കവർച്ചനടത്തിയത് നട്ടുച്ചയ്ക്ക്. കണ്ണൂർ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപത്തെ ബി.എസ്.എൻ.എല്ലിന്റെ സി.ടി. ബോക്‌സ് തകർത്താണ് ചെമ്പ് കേബിൾ കവർന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബുധനാഴ്ച രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് തൊഴിലാളികൾ ഉപയോഗിക്കുന്ന ജാക്കറ്റ്, ഹെൽമറ്റ് എന്നിവ ധരിച്ചെത്തി കവർച്ചനടത്തിയത്. നഗരമധ്യത്തിൽ നൂറുകണക്കിനാളുകൾ കാണുന്നരീതിയിലാണ് കവർച്ച നടത്തിയത്. ജീവനക്കാരുടെ വേഷത്തിലായതിനാൽ ആരും സംശയിച്ചുമില്ല. തിങ്കളാഴ്ചയാണ് ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ അഞ്ചുപേരെ കണ്ണൂർ പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
മുറിയിൽ നിന്ന് ചെമ്പ് കേബിൾ കണ്ടെത്തി
പ്രതികൾ താമസിച്ചിരുന്ന മുറിയിൽനിന്ന് തൊണ്ടിമുതലായ ചെമ്പ് കേബിൾ ചാക്കിലാക്കി സൂക്ഷിച്ചനിലയിൽ പോലീസ് കണ്ടെടുത്തു. കണ്ണൂർ എ.സി.പി. എം.പി. ആസാദ്, ടൗൺ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലാകും പ്രതികളെ ചോദ്യം ചെയ്യുക.
മോഷ്ടിച്ച സാധനങ്ങൾ കണ്ണൂരിലെ താമസസ്ഥലത്ത് ഭദ്രമായി എത്തിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ഡൽഹിയിലേക്ക് പാഴ്സലായി അയക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലാകുന്നത്. സമീറാണ് സംഘത്തിന്റെ തലവൻ. മറ്റുള്ളവർക്ക് ദിവസക്കൂലി നൽകുകയാണ് ചെയ്യുന്നത്.
Content Highlights: A gang from Meerut, UP, flew to Kannur for the robbery., Stole BSNL copper cables in broad daylight near KSRTC bus stand dressed as workers., Stolen cables recovered from their room, intended to be couriered to Delhi., Five accused led by Sameer were taken into two-day police custody.