കളിയിക്കാവിള കൊലപാതകം: പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി വ്യവസായി ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തക്കല ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാറ്റി. കേസില്‍ സുനില്‍കുമാറിനായി തമിഴ്‌നാട് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ദീപുവിനെ കൊലപ്പെടുത്താന്‍ സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും അടക്കമുള്ളവ നല്‍കിയത് സുനില്‍കുമാറാണെന്ന് നേരത്തെ അറസ്റ്റിലായ സജികുമാര്‍ മൊഴിനല്‍കിയിരുന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി സുനില്‍കുമാറുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തു.
സുനില്‍കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപ് ചന്ദ്രന്‍, സുനില്‍കുമാര്‍ പാര്‍ട്ണറായ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ ഉടമ, പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു സമീപത്തെ സര്‍വീസ് സെന്റര്‍ ഉടമ എന്നിവരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
കൊല നടത്തുന്നതിന് സര്‍ജിക്കല്‍ ഗ്ലൗസ്, ബ്ലേഡ്, വസ്ത്രങ്ങള്‍ എന്നിവ നല്‍കിയ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് സുനില്‍കുമാര്‍. ഇയാള്‍ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും ബന്ധങ്ങളുണ്ട്. സജികുമാര്‍ പിടിയിലായതിനു തൊട്ടുപിന്നാലെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാള്‍ക്കായി അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.
പ്രദീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പോലീസ് പിടികൂടി പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തില്‍ നടന്ന മദ്യപാനത്തിനിടെയാണ് സജികുമാര്‍ കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഈസമയത്ത് പ്രദീപ് ചന്ദ്രനുമുണ്ടായിരുന്നതായി സജികുമാര്‍ തമിഴ്നാട് പോലീസിനു മൊഴിനല്‍കിയിരുന്നു.
കൊലപാതകത്തിന് രണ്ടു ദിവസം മുന്‍പ് സുനില്‍കുമാറിന്റെ വാഹനത്തില്‍ സജികുമാര്‍ ഈ പ്രദേശത്തെത്തിയപ്പോള്‍ പ്രദീപ് ചന്ദ്രനും കൂടെയുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.
സുനില്‍കുമാര്‍ പാര്‍ട്ണറായ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ ഉടമയെ വെള്ളിയാഴ്ച ഉച്ചയോടുകൂടി പ്രത്യേക അന്വേഷണസംഘം പാറശ്ശാലയിലെ സ്ഥാപനത്തിലെത്തി പിടികൂടി. തൊട്ടുപിന്നാലെ മറ്റൊരു സംഘം പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു സമീപത്തെ സര്‍വീസ് സെന്റര്‍ ഉടമയെയും പിടികൂടി അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസിലേക്കു മാറ്റി. സുനില്‍കുമാറിനെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണസംഘം അറിയിച്ചു.
സുനില്‍കുമാര്‍ പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഈ മേഖലയിലും കേരള പോലീസും തമിഴ്നാട് പോലീസും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി വ്യവസായിയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയുമായിരുന്ന അമ്പിളി എന്ന സജികുമാറാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്. ദീപുവില്‍നിന്ന് കവര്‍ന്ന പണത്തില്‍ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം സജികുമാര്‍ നടത്തിയ ക്വട്ടേഷന്‍ കൊലപാതകമാണിതെന്നാണ് നിലവിലെ നിഗമനം.
Content Highlights: kaliyakkavilai deepu murder case accused vehicle found