സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് സന്ദേശം, മാർട്ടിന്റെ വിദേശ ബന്ധത്തിന് പിന്നാലെ പോലീസ്

#രാജേഷ് ജോർജ്
കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിൻ | Photo: ANI
കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിൻ | Photo: ANI

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ വിചാരണ തുടങ്ങാനിരിക്കേ സാക്ഷികൾക്കു നേരേ ഭീഷണി സന്ദേശമെത്തിയതിൽ ദുരൂഹത. കേസിലെ പ്രതി മാർട്ടിൻ ഡൊമിനിക്കിൻെറ വിദേശ ബന്ധം സംബന്ധിച്ച പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. 10 വർഷത്തിലേറെ വിദേശത്ത് താമസിച്ച മാർട്ടിൻ ബോംബ് നിർമാണം പഠിച്ചത് അവിടെ വെച്ചാണെന്ന് കണ്ടെത്തിയിരുന്നു.

സ്ഫോടനം നടന്ന 2023 ഒക്ടോബർ 29-നു മുൻപ്‌ രണ്ടുതവണ വിദേശത്തുള്ള സുഹൃത്തുമായി മാർട്ടിൻ ബന്ധപ്പെട്ടതായാണ് പോലീസ് കണ്ടെത്തൽ. സ്ഫോടനം നടക്കുന്നതിന്റെ തലേദിവസം മാർട്ടിന് വിദേശത്തുനിന്ന് ഒരു ഫോൺകോൾ വന്നിരുന്നു. അതാരാണെന്ന് ഭാര്യ ചോദിച്ചിട്ട് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞ ശേഷം പറയാമെന്നുമായിരുന്നു മറുപടി. ബോംബ് നിർമിച്ച രീതി വിദേശ നമ്പറിലേക്ക് മാർട്ടിൻ അയച്ചിരുന്നുവെന്നും കണ്ടെത്തി. വിദേശത്ത് തനിക്കൊപ്പം ജോലിചെയ്തിരുന്നയാൾക്കാണ് അത് നൽകിയതെന്നായിരുന്നു മാർട്ടിന്റെ മൊഴി. എന്നാൽ, കൃത്യത്തിൽ അയാളടക്കം മറ്റാർക്കും പങ്കില്ലെന്ന നിലപാടിലായിരുന്നു പ്രതി. ഇംപ്രോവൈസ്‌ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെട്രോൾ സൂക്ഷിച്ച കുപ്പിയും പോലീസ് കണ്ടെടുത്തു. മാർട്ടിൻ ബന്ധപ്പെടുകയും ഫോട്ടോ അയക്കുകയും ചെയ്തയാൾ വിദേശിയായതിനാൽ പോലീസിന് ഇയാളെ കേരളത്തിലെത്തിക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കഴിഞ്ഞിരുന്നില്ല. ഇയാളെ ചോദ്യം ചെയ്യാൻ ഇന്റർപോൾ സഹായവും തേടിയതായാണ് വിവരം.

വിദേശിയായ സുഹൃത്തിന്റെ ഫോൺനമ്പർ ഉൾപ്പെടെ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ആദ്യശ്രമത്തിൽത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് നിർമിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഇയാൾക്ക് എങ്ങനെ കഴിഞ്ഞുവെന്നും പോലീസ്‌ സംശയിച്ചിരുന്നു. ഇതോടെയാണ് ഇയാളുടെ ദുബായ് ബന്ധങ്ങളിലേക്ക് അന്വേഷണമെത്തിയത്. മാർട്ടിന്റെ വിദേശബന്ധത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

മാര്‍ട്ടിനെതിരേ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് സന്ദേശം 

കൊച്ചി: എട്ടുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്ഫോടനക്കേസിൽ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. യഹോവയുടെ സാക്ഷികളുടെ പിആർഒ തൃക്കാക്കര നോർത്ത് ചേനക്കാല റോഡ് തമ്മിപ്പാറ വീട്ടിൽ ടി.എ. ശ്രീകുമാറിന്റെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. പ്രതി മാർട്ടിൻ ഡൊമിനിക്കിനെതിരേ സാക്ഷി പറഞ്ഞാൽ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നും വാട്‌സാപ് സന്ദേശത്തിൽ പറയുന്നു.

12-ന് രാത്രി മലേഷ്യൻ ഫോൺ നമ്പരിൽനിന്നാണ് സന്ദേശമെത്തിയത്. ഇത്തരം സന്ദേശമയക്കുന്നതെന്തിനെന്ന ശ്രീകുമാറിന്റെ ചോദ്യത്തിന് എല്ലാവരെയും അറിയിക്കാൻ വേണ്ടിയാണിതെന്നായിരുന്നു മറുപടി. വിവരം പോലീസിനെ അറിയിക്കുകയും സന്ദേശം കൈമാറുകയും ചെയ്തു. ബിഎൻഎസ് വകുപ്പ്‌ 196, 351 (3) വകുപ്പുകൾ പ്രകാരം കുറ്റകരമായ ഗൂഢാലോചന, വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കളമശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

ഭീഷണിയെത്തിയ ഫോൺനമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീഷണിയുയർന്ന സാഹചര്യത്തിൽ നടക്കാൻ പോകുന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകൾക്ക് സുരക്ഷ ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

2023 ഒക്ടോബർ 29-നാണ് കൊച്ചി കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ സ്ഫോടനമുണ്ടായത്. 12 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതി തമ്മനം സ്വദേശി മാർട്ടിൻ ഡൊമിനിക്കിനെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യഹോവയുടെ സാക്ഷികളോടുള്ള എതിർപ്പുമൂലമാണ് സ്ഫോടനം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചിരുന്നു. ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നാണ്‌ മൊഴി നൽകിയതെങ്കിലും തുടരന്വേഷണത്തിൽ മറ്റ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. മാർട്ടിനെ മാത്രം പ്രതിയാക്കി കഴിഞ്ഞ വർഷം കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തുടങ്ങാനിരിക്കുകയാണ്.

അതിനിടെ പ്രതി മാർട്ടിൻ ബോംബ് നിർമിച്ച രീതിയും അതിന്റെ ചിത്രങ്ങളും വിദേശ നമ്പറിലേക്ക് അയച്ചിരുന്നുവെന്ന് സൂചന കിട്ടിയിരുന്നു.

Content Highlights: kalamassery blast case accused police investigation