'വിസ തരൂ'; പാക് ഉദ്യോഗസ്ഥരുമായി വ്ളോഗർക്ക് അടുത്തബന്ധം; ഹൈക്കമ്മീഷനിലെ വിരുന്നിലും പങ്കെടുത്തു

ന്യൂഡല്‍ഹി: പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ വ്ളോഗര്‍ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഹരിയാണ സ്വദേശിയായ ട്രാവല്‍ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര(33)യാണ് പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നിലും യുവതി പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും യുവതി തന്റെ യൂട്യൂബ് ചാനലായ 'ട്രാവല്‍ വിത്ത് ജോ'യിലൂടെ പങ്കുവെച്ചിരുന്നു.
പാക് ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായിരുന്ന ഡാനിഷുമായി യുവതി സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇയാളെയും ഭാര്യയെയും യുവതി വീട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയില്‍ കാണാം. ചാരവൃത്തി നടത്തിയതിന് ഇന്ത്യയില്‍നിന്ന് പുറത്താക്കിയ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനാണ് ഇഹ്സാനുറഹീം എന്ന ഡാനിഷ്.
തനിക്ക് പാകിസ്താനില്‍ പോകണമെന്നും ഉടനെ വിസ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞവര്‍ഷം പങ്കുവെച്ച വീഡിയോയില്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞിരുന്നു. ഇഫ്താര്‍ വിരുന്നിന് എത്തിയവരോടെല്ലാം യുവതി ഇത് പറയുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പാക് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തി, ഇയാളാണ് തന്റെ ഫോണ്‍ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. നാലുതവണ ഹൈക്കമ്മീഷനിലെത്തിയപ്പോള് തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതും ഫോണും മറ്റുസാധനങ്ങളും മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടതും ഇയാളാണെന്നാണ് ജ്യോതി പറഞ്ഞിരുന്നത്. ഇത്തവണ തനിക്ക് വിസ നല്‍കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെട്ടു.
പാക് ഹൈക്കമ്മീഷനിലെ സ്റ്റാഫായിരുന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിനാണ് വ്ളോഗറായ ജ്യോതി മല്‍ഹോത്രയെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുതവണ യുവതി പാകിസ്താന് സന്ദര്‍ശിച്ചതായും പാക് ചാരസംഘടനയില്‍പ്പെട്ടവരുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഹരിയാണ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സ്, കള്ളക്കേസെന്ന് പിതാവ്
യൂട്യൂബില്‍ 3.70 ലക്ഷം സബ്സ്ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 1.32 ലക്ഷം ഫോളോവേഴ്സുമുള്ള ട്രാവല്‍ വ്ളോഗറാണ് ജ്യോതി മല്‍ഹോത്ര. ഇക്കഴിഞ്ഞ മാര്‍ച്ചിലും യുവതി പാകിസ്താന് സന്ദര്‍ശിക്കുകയും അവിടെനിന്നുള്ള വീഡിയോകള്‍ പങ്കുവെയ്ക്കുകയുംചെയ്തിരുന്നു. അതേസമയം, മകളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ജ്യോതിയുടെ പിതാവ് ഹരീഷ് മല്‍ഹോത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യമായ എല്ലാ അനുമതിയും ലഭിച്ചശേഷം സാധുവായ വിസ സഹിതമാണ് മകള്‍ പാകിസ്താനിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മകളോട് സംസാരിച്ചിരുന്നു. പപ്പ, എനിക്ക് സുഖമാണ്, എന്നെ തെറ്റായി കേസില്‍പ്പെടുത്തിയതാണ് എന്നാണ് മകള്‍ പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: vlogger jyoti malhotra arrested for spying for pakistan, she has close relation with pak officers