മധുരയിലെ ജൂവലറിയിൽനിന്ന് കവർന്നത് 25 കിലോയോളം ആഭരണങ്ങൾ; അകത്തുകടന്നത് 3 പേർ, ലോക്കറുകൾ തൊട്ടിട്ടില്ല

#സ്വന്തം ലേഖകൻ
കവർച്ചയെത്തുടർന്ന് മധുരയിലെ തനിഷ്ക് ജൂവലറി പോലീസ് പരിശോധിക്കുന്നു
കവർച്ചയെത്തുടർന്ന് മധുരയിലെ തനിഷ്ക് ജൂവലറി പോലീസ് പരിശോധിക്കുന്നു

ചെന്നൈ: മധുരയിൽ പ്രമുഖ ജൂവലറിയിൽനിന്ന് കൊള്ളയടിക്കപ്പെട്ടത് കോടികൾ വിലമതിക്കുന്ന സ്വർണ-വജ്ര ആഭരണങ്ങൾ എന്ന് വിവരം. ബൈപ്പാസ് റോഡിൽ പുതുതായി പ്രവർത്തനമാരംഭിച്ച ടാറ്റാ ഗ്രൂപ്പിന്റെ തനിഷ്‌ക് ജൂവലറിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് കവർച്ച നടന്നത്. അടുത്തിടെ സ്റ്റോക്ക് എടുത്തപ്പോൾ ഏകദേശം 30 കിലോ ആഭരണം ഇവിടെ ഉണ്ടായിരുന്നു.

അതിൽനിന്ന് 25 കിലോയോളം കൊള്ളയടിക്കപ്പെട്ടിരിക്കാമെന്നാണ് നിഗമനം. വ്യാഴാഴ്ച രാവിലെ പത്തോടെ ജീവനക്കാർ ജൂവലറിയുടെ ഒന്നാം നില തുറന്നപ്പോഴാണ് വിവരമറിയുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 15 ദിവസം മുൻപാണ് ജൂവലറി ഉദ്ഘാടനം ചെയ്തതെങ്കിലും നാലുനിലകളുള്ള കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടരുകയായിരുന്നു.

അതിനായി കെട്ടിയ തട്ടുകളിലൂടെയാവും മോഷ്ടാക്കൾ അകത്ത് കയറിയിട്ടുണ്ടാവുക എന്നാണ് സംശയിക്കുന്നത്. കവർച്ച നടത്തിയ ശേഷം വന്ന വഴിയിലൂടെത്തന്നെ പുറത്തുകടന്ന് തെരുവുകളിലൂടെ കുറച്ചുദൂരം നടന്നു പോയതിനുശേഷം രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്നും പോലീസ് സംശയിക്കുന്നു.

മധുര സിറ്റി പോലീസ് കമ്മിഷണർ എസ്. രാജേന്ദ്രനും പോലീസ് സംഘവും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി. പോലീസ് നായയും പരിശോധിച്ചു. കവർച്ചയിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ ജൂവലറി ജീവനക്കാരുടെയും നിർമാണത്തൊഴിലാളികളുടെയും വിവരങ്ങളും ശേഖരിച്ചു.

ഷോറൂമിൽ പ്രദർശിപ്പിച്ച ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്നും ലോക്കറുകളിൽ സൂക്ഷിച്ചിരുന്നവ തൊട്ടിട്ടില്ലെന്നും മൂന്നുപേർ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതെന്നും കമ്മിഷണർ പറഞ്ഞു. പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. 

Content Highlights: A major heist occurred at the newly opened Tanishq jewelry store in Madurai, with approximately 25 kilograms of gold and diamond ornaments stolen. The theft likely involved entry through construction scaffolding, and the suspects escaped on foot; police suspect three individuals based on CCTV footage. Authorities, including the Madurai City Police Commissioner, are investigating, collecting information from employees and construction workers, and have formed a special investigation team to apprehend the culprits.