ജാമുയി കേസ്: പ്രധാനപ്രതി നന്ദൻ യാദവിനെ പോലീസ് വെടിവെച്ച് വീഴ്ത്തി; അറസ്റ്റ് ചെയ്തത് ഏറ്റുമുട്ടലിനൊടുവിൽ

#ന്യൂസ് ഡെസ്ക്
പോലീസ് വെടിയേറ്റ നന്ദൻ യാദവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പോലീസ് വെടിയേറ്റ നന്ദൻ യാദവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

പട്‌ന: ബിഹാറിലെ ജാമുയി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ആൺകുട്ടിയെയും ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനപ്രതിയായ നന്ദൻ യാദവ് കസ്റ്റഡിയിൽ. സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഒളിവിൽ പോയിരുന്ന നന്ദൻ യാദവിനെ പോലീസ് ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടിലിലൂടെ പിടികൂടിയത്.

ഏറ്റുമുട്ടലിൽ നന്ദൻ യാദവിന്റെ കാലിന് വെടിയേറ്റിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതിയായ ഹരേറാം യാദവിനും കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും ജാമുയിയിൽവെച്ച് ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നു.

ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞുനിർത്തിയ പ്രതികൾ അവരെ നിർബന്ധിച്ച് പുറത്തിറക്കുകയും, അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടരുകയും ചെയ്തു. ആൺകുട്ടിയെ മർദ്ദിക്കുകയും പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. തങ്ങളെ പോകാൻ അനുവദിക്കണമെന്ന് പെൺകുട്ടി കൈകൂപ്പി ആവർത്തിച്ച് യാചിക്കുന്നുന്നതും വീഡിയോയിൽ കാണാം. 

അപ്പോൾ, ഇരുവരും ഒരുമിച്ച് പുറത്തിറങ്ങി നടക്കുന്ന കാര്യം അവരുടെ കുടുംബങ്ങൾക്ക് അറിയാമോ എന്നായി ഒരാളുടെ ചോദ്യം, ഇതിന് 'വീട്ടിൽ എല്ലാവർക്കും അറിയാം' എന്നാണ് പെൺകുട്ടി മറുപടി നൽകിയത്. പിന്നാലെ പ്രതികളിലൊരാൾ ആൺകുട്ടിയെ തല്ലുന്നതും, വീട്ടിലേക്ക് വിളിച്ച് തന്നോട് സംസാരിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

ഇതിനിടെ പ്രതികളിലൊരാൾ പെൺകുട്ടിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. കോച്ചിങ് ക്ലാസിനുശേഷം നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മദ്വ പഹാഡ് സന്ദർശിച്ച് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ജനരോഷം ഉയരുകയും രാഷ്ട്രീയ നേതാക്കളടക്കം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തിൽ ഉൾപ്പെട്ട ഏഴുപേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കുകയും ചെയ്തു. ഈ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഭവത്തെ അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കേസിലെ പ്രധാന പ്രതിയായ നന്ദൻ യാദവും മറ്റൊരു പ്രതിയായ ഹരേറാം യാദവും സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇരുവരെയും ഏറ്റുമുട്ടലിലൂടെ പിടികൂടിയത്. ഇരുവരുടെയും കാലിന് വെടിവെച്ചാണ് കീഴ്‌പ്പെടുത്തിയത് എന്നാണ് വിവരം. രണ്ടുപ്രതികളുടെയും കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

Content Highlights: A group attacked and physically assaulted two minors in Jamui, Bihar, leading to the arrest of the main accused, Nandan Yadav, after a police encounter. The incident, involving the harassment of a boy and a girl returning from coaching class, was widely circulated on social media, sparking public outrage and demands for strict action.