ഗോവിന്ദച്ചാമിയുടേത് ഒരുമാസത്തെ ആസൂത്രണം; ഉദ്യോഗസ്ഥർ ഉറങ്ങിപ്പോയി? വീഴ്ച പരിശോധിക്കുമെന്ന് ജയിൽ DGP

ഗോവിന്ദച്ചാമി പോലീസ് കസ്റ്റഡിയിൽ | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി
ഗോവിന്ദച്ചാമി പോലീസ് കസ്റ്റഡിയിൽ | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി

കണ്ണൂര്‍: ബലാത്സംഗ-കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി ഒരുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്ന് ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. സിസിടിവി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെല്ലിന് പുറത്തെത്തിയ ഗോവിന്ദച്ചാമി, വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗോവിന്ദച്ചാമി ജയില്‍ ചാടിയശേഷം നാല് മണിക്കൂറോളം ലോക്കല്‍ പോലീസും ജയില്‍ ഉദ്യോഗസ്ഥരും മാധ്യമങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇയാളെ പിടിക്കാന്‍ സാധിച്ചതെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജിയുടെ വിലയിരുത്തല്‍. രാത്രിയിലെ ഡ്യൂട്ടിക്കായി മൂന്ന് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ഉറങ്ങിപ്പോയെന്നാണ് കരുതുന്നത്. സിസിടിവ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥനും ഉറങ്ങിപ്പോയതായി കണ്ടെത്തിയിട്ടുണ്ട്. സെല്ലിനകത്ത് പ്രതികള്‍ ഉണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതും നടന്നിട്ടില്ലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പിലെ റോഡില്‍വെച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചന ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനകം നാട്ടില്‍ പരന്നിരുന്നു. സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കയറിയതായി സൂചന ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി മതില്‍ച്ചാടി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന് സമീപത്തേക്കെത്തുകയും കോമ്പൗണ്ടിലെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു.

പിടിയിലായ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.

Content Highlights: jail dgp on govindachami jail escape