കടന്നുപിടിക്കാൻ ശ്രമിച്ചത് മറിയം റഷീദ എതിർത്തു; ചാരക്കേസ് CI എസ്. വിജയന്റെ ഗൂഢാലോചനയെന്ന് സിബിഐ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിന് പിന്നിൽ ഗൂഢാലോചന നടത്തിയത് അന്നത്തെ സ്പെഷ്യൽബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ സ്മാർട്ട് വിജയൻ എന്ന എസ്. വിജയനാണെന്ന ആരോപണവുമായി സി.ബി.ഐ കുറ്റപത്രം. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണിക്കാര്യം പറയുന്നത്. മാലിവനിത മറിയം റഷീദയെ വിജയൻ കടന്നുപിടിക്കാൻ ശ്രമിച്ചത് അവർ എതിർത്തതാണ് ഗൂഢാലോചനയിലേക്ക് നീങ്ങിയതെന്നാണ് സി.ബി.ഐ. കണ്ടെത്തൽ.
1994 ഒക്ടോബർ 10-ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലെത്തിയ മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവരുടെ പാസ്പോർട്ടും ടിക്കറ്റും സ്പെഷ്യൽബ്രാഞ്ച് സി.ഐ. ആയിരുന്ന വിജയൻ വാങ്ങിവെച്ചു. രണ്ടുദിവസത്തിനുശേഷം വിജയൻ മറിയം റഷീദ താമസിച്ച ഹോട്ടലിലെത്തി അവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇത് അവർ എതിർത്തു. അവിടെനിന്ന് മടങ്ങിയ വിജയൻ അവർ എൽ.പി.എസ്.സി.യിലെ ഒരു ശാസ്ത്രജ്ഞനുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് മനസ്സിലാക്കി. ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണർ ആയിരുന്ന ആർ. രാജീവനെയും എസ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടറായ ആർ.ബി. ശ്രീകുമാറിനെയും അറിയിച്ചു. ഒക്ടോബർ 17-വരെ വിസയും ടിക്കറ്റും മടക്കിനൽകാതെ അവരെ തടഞ്ഞുെവച്ച വിജയൻ ഫോറിനേഴ്സ് ആക്ട് പ്രകാരം മറിയത്തിനെതിരേ കേസെടുത്തു. 20-ന് ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റുചെയ്തു. ആ സമയം മാധ്യമപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും സ്റ്റേഷനിലുണ്ടായിരുന്നു.
അടുത്തദിവസംമുതൽ ചാരക്കേസ് കഥകൾ മാധ്യമങ്ങളിൽ പ്രചരിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മറിയം റഷീദയെ അറസ്റ്റുചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. എങ്ങനെയാണ് വാർത്ത ലഭിച്ചിരുന്നതെന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചപ്പോൾ വിവരങ്ങൾ ലഭ്യമാക്കിയത് വിജയനാണെന്ന് വ്യക്തമായി.
ആദ്യ അറസ്റ്റുമുതൽ 12 ദിവസം പോലീസ് കസ്റ്റഡി ലഭിച്ചിട്ടും വിജയൻ കൂടുതൽദിവസം കസ്റ്റഡിവേണമെന്ന ആവശ്യം ഉന്നയിച്ചെന്നും അന്നത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹബീബുള്ള മൊഴിനൽകിയിരുന്നു. നിയമപരമായി അതിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിയപ്പോൾ കസ്റ്റഡികാലാവധി തീരുന്നതിന് തൊട്ടുമുൻപ് ചാരക്കേസ് രജിസ്റ്റർ ചെയ്തു. താൻ നിർദേശിച്ചിട്ടാണ് ചാരക്കേസ് രജിസ്റ്റർചെയ്തതെന്ന് വിജയൻ കേസ് ഡയറിയിൽ എഴുതിവെച്ചത് കളവാണെന്നും ഹബീബുള്ള മൊഴിനൽകിയതായി കുറ്റപത്രത്തിലുണ്ട്.
സുപ്രീംകോടതി നർദേശപ്രകാരമാണ് ചാരവൃത്തിക്കേസിന് പിന്നിലെ ഗൂഢാലോചന സി.ബി.ഐ. വീണ്ടും അന്വേഷിച്ചത്. ഏതാനും ദിവസംമുമ്പാണ് സി.ബി.ഐ ഡൽഹി യൂണിറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നിര്‍ദേശമില്ലാതിരുന്നിട്ടും എസ്. വിജയന്‍ കേസ് അന്വേഷിച്ചെന്ന് മൊഴി
പോലീസ് കമ്മിഷണര്‍ എഴുതിനല്‍കുന്ന കേസുകളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് സാധാരണ അന്വേഷിക്കുന്നതെന്ന് വിജയനൊപ്പം ജോലിചെയ്തിരുന്ന മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. സുരേഷ് ബാബു മൊഴിനല്‍കി. ചാരക്കേസ് അന്വേഷിക്കാന്‍ നിര്‍ദേശമൊന്നും ഇല്ലാതിരിക്കെയാണ് വിജയന്‍ അന്വേഷണവുമായി മുന്നോട്ടുപോയതെന്ന മൊഴിയും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രജ്ഞനായ ശശികുമാറും മറിയം റഷീദയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ക്രയോജനിക് സാങ്കേതികവിദ്യ അടങ്ങിയ രേഖകള്‍ പുറത്തുപോയെന്നാരോപിച്ച്, പോലീസ് ഉദ്യോഗസ്ഥരായ രാജീവനും ശ്രീകുമാറും വിജയനും മറിയം റഷീദയെയും ശശികുമാറിനെയും പ്രതിയാക്കി കേസെടുക്കാന്‍ തീരുമാനിച്ചെന്നും സിബിഐ പറയുന്നു.
Content Highlights: ISRO espionage case: S. Vijayan behind the conspiracy