ഇരിട്ടിയില്‍ നാട്ടുകാരെ ആക്രമിച്ച സംഘത്തില്‍ ഷുഹൈബ് വധക്കേസ് പ്രതിയും

ഇരിട്ടി: എടക്കാനം റിവര്‍ വ്യൂ പോയിന്റില്‍ ആയുധവുമായെത്തി സമീപവാസികളായ ആളുകള്‍ക്ക് നേരേ ആക്രമണം നടത്തിയ സംഘത്തില്‍ ഷുഹൈബ് വധക്കേസ് പ്രതിയും. ഇന്നലെ വൈകീട്ടാണ് മൂന്ന് വാഹനങ്ങളിലായി വ്യൂ പോയന്റിലെത്തിയ ഒരു സംഘം നാട്ടുകാരെ മര്‍ദിച്ചത്.
സംഭവത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദുള്‍പ്പടെ 15 പേര്‍ക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു.ഷുഹൈബ് വധക്കേസിലെ നാലാം പ്രതിയാണ് ദീപ് ചന്ദ്
സംഘത്തിന്റെ ആക്രമണത്തില്‍ നാട്ടുകാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഷാജി കുറ്റിയാടന്‍ (47), കെ.കെ. സുജിത്ത് (38), ആര്‍.വി. സതീശന്‍ (42), കെ. ജിതേഷ് (40), പി. രഞ്ജിത്ത് (29) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു ആക്രമണം. ഒഴിവുദിവസങ്ങളില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് നിരവധി പേര്‍ എത്തുന്ന പ്രദേശമാണ് എടക്കാനം റിവര്‍വ്യൂ. ഞായറാഴ്ച നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.
വൈകീട്ട് ഇവിടെ എത്തിയ ഒരു സംഘം സ്ഥലത്തുണ്ടായിരുന്നവരുമായി വാക്തര്‍ക്കം ഉണ്ടായിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് പിന്നീട് ഉണ്ടായതെന്നാണ് കരുതുന്നത്. ആക്രമണം നടത്തി തിരിച്ചുപോകുന്ന വാഹനം നാട്ടുകാരെ ഇടിച്ചിട്ടു. ഇതില്‍ ഒരു വാഹനം എടക്കാനത്ത് പുഴക്കരയിലേക്കു മറിയുകയും ചെയ്തു.
ആക്രമിച്ചത് ക്വട്ടേഷന്‍സംഘമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. മറിഞ്ഞുകിടക്കുന്ന വാഹനത്തിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്ത് ആക്രമണം ഉണ്ടാകാറുണ്ടെന്നും മയക്കുമരുന്ന് ഉള്‍പ്പെടെ വിതരണം ചെയ്യുന്നുണ്ടെന്നും പരാതി ഉണ്ടായിട്ടും അധികൃതര്‍ നടപടി എടുത്തിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.