ഒന്നരക്കോടി രൂപ മോഷണംപോയെന്ന പരാതിയുമായി യുവതി; പോലീസ് അന്വേഷണത്തിൽ വൻ ട്വിസ്റ്റ്

ഇന്ദോർ (മധ്യപ്രദേശ്): ഭർത്താവിന്റെ സഹോദരനുമായിച്ചേർന്ന് കാമുകന്റെ ഫ്ളാറ്റിൽനിന്ന് ഒന്നര കോടി രൂപ കവർന്ന് യുവതി. കാമുകൻ തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഭയത്താലാണ് യുവതി മോഷണം ആസൂത്രണം ചെയ്തതും നടത്തിയതുമെന്നാണ് വിവരം. ഇന്ദോറിലെ പലാസിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാൻ യുവതിയും ഭർതൃസഹോദരനും ബുർഖ ധരിച്ചാണ് മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഈ മാസം 13-ന് ശുഭ് ലാഭ് പ്രൈം ടൗൺഷിപ്പിൽ താമസിക്കുന്ന ശിവാലി ജേഡൻ എന്ന ബ്യൂട്ടി പാർലറുടമ പോലീസിനെ സമീപിച്ചതോടെയാണ് വൻ മോഷണത്തിന്റെ കഥ പുറംലോകം അറിയുന്നത്. തന്റെ ഫ്ലാറ്റിൽനിന്ന് നാല് ബാഗുകൾ മോഷണംപോയെന്നായിരുന്നു ശിവാലിയുടെ പരാതി. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ താൻ കണ്ടത് താമസിക്കുന്ന ഫ്ളാറ്റിന്റെ വാതിൽ തകർന്നുകിടക്കുന്നതാണ്. തുടർന്ന് നടത്തിയ പരിശോധനയിൽ തന്റെ ലിവ്-ഇൻ പങ്കാളിയായ അങ്കുഷിന്റെ മൂന്ന് ബാഗുകൾ ഉൾപ്പെടെ നാല് ബാഗുകൾ കാണാനില്ലെന്നും അവർ കണ്ടെത്തി. ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച 1.5 കോടിയോളം രൂപ ഈ ബാഗുകളിലുണ്ടായിരുന്നുവെന്നും ശിവാലി പോലീസിനോട് പറഞ്ഞു.
പരാതി ഫയലിൽ സ്വീകരിച്ച പോലീസ് ഉടനടി അന്വേഷണം തുടങ്ങി. ബുർഖ ധരിച്ച രണ്ടുപേർ നടന്നുനീങ്ങുന്നത് സിസിടിവി പരിശോധിച്ചപ്പോൾ വ്യക്തമായി. തുടർന്ന് നടന്ന അന്വേഷണത്തിൽ തെളിഞ്ഞകാര്യം കണ്ടപ്പോൾ അന്വേഷണോദ്യോഗസ്ഥർതന്നെ അമ്പരന്നു. യഥാർത്ഥത്തിൽ ശിവാലിതന്നെയായിരുന്നു മോഷണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം. ബുർഖ ധരിച്ചവരിൽ ഒരാൾ ശിവാലിയുടെ ഭർതൃസഹോദരനായ ധിരു ഥാപ്പയായിരുന്നു. ഇയാൾ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനുംകൂടിയാണ്. ഫ്ലാറ്റിൽനിന്ന് മോഷ്ടിച്ച പണം പ്രവീൺ എന്നയാൾക്ക് കൈമാറിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാൾക്കായുള്ള അന്വേഷണം നടക്കുകയാണ്.
ഖണ്ഡ്വ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായിരുന്നു ധിരു ഥാപ്പ. ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതിനെത്തുടർന്നാണിയാളെ പിരിച്ചുവിട്ടത്. വിവാഹിതയായ ശിവാലി ബിസിനസുകാരനായ അങ്കുഷിനൊപ്പം ഏറെക്കാലമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. തന്നെ അങ്കുഷ് വിട്ടുപോവുമോ എന്ന് ശിവാലി ഭയന്നിരുന്നു. ശുഭ് ലാഭ് പ്രൈം ടൗൺഷിപ്പിൽ അങ്കുഷ് തന്റെ ബിസിനസ് പണം സൂക്ഷിച്ചിരുന്നു. ഈ വിവരം ശിവാലിക്കും അറിയുമായിരുന്നു. ഈ വിവരം ധിരു ഥാപ്പയോട് ശിവാലി പറയുകയും മോഷണം ആസൂത്രണംചെയ്യുകയുമായിരുന്നു.
മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവാലിയുടെ കുടുംബത്തെയൊന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നിലവിൽ രണ്ടുപ്രതികളേയും പോലീസ് ചോദ്യംചെയ്ത് വരികയാണ്.
Content Highlights: A woman in Indore plotted with her brother-in-law to steal ₹1.5 crore