കുറഞ്ഞവാടകയ്ക്ക് മുറികിട്ടാൻ പെൺകുട്ടികളെ കൈമാറി മനുഷ്യക്കടത്ത് സംഘം; പീഡിപ്പിച്ച ഇന്ത്യക്കാരന് തടവ്

ന്യൂയോർക്ക്: അമേരിക്കയിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ട 15-കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരന് തടവുശിക്ഷ. ഗുജറാത്ത് സ്വദേശിയും നെബറാസ്‌ക ഒമാഹയിലെ ഹോട്ടൽ ജീവനക്കാരനുമായ കാവൻകുമാർ പട്ടേലിനെയാണ് യുഎസിലെ കോടതി പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. ഇയാൾക്കൊപ്പം ഹോട്ടൽ ജീവനക്കാരായ രണ്ടുപേർ കൂടി കേസിലെ പ്രതികളാണ്.
കുറഞ്ഞ വാടകയ്ക്ക് മുറി ലഭിക്കാനായാണ് മനുഷ്യക്കടത്ത്-പെൺവാണിഭസംഘം കാവൻകുമാർ അടക്കമുള്ള ഹോട്ടൽ ജീവനക്കാർക്ക് പെൺകുട്ടികളെ കൈമാറിയിരുന്നത്. സംഘത്തിന്റെ കെണിയിൽപ്പെട്ട 15 വയസ്സുകാരിയെ കാവൻകുമാർ പണം നൽകിയും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിനായി ഹോട്ടലിൽനിന്നുള്ള പണമാണ് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.
2025 ജനുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒമാഹയിലെ 'അമേരിക്ക് ഇൻ' ഹോട്ടലിലാണ് കാവൻകുമാർ ജോലിചെയ്തിരുന്നത്. സംഭവദിവസം ഒരു മോഷണപരാതി അന്വേഷിക്കാനായാണ് പോലീസ് ഹോട്ടലിലെത്തിയത്. ഇതിനിടെയാണ് ഹോട്ടലിൽ പെൺവാണിഭം നടക്കുന്നതിന്റെ സൂചനകൾ ലഭിച്ചത്. ഇതോടെ ഒമാഹ പോലീസും ഹോംലാൻഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സും ഹോട്ടലിൽ സംയുക്തമായ പരിശോധന നടത്തി. പരിശോധനയിൽ 15-ഉം 16-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ പോലീസ് മോചിപ്പിച്ചു. തുടർന്ന് പെൺകുട്ടികളിൽനിന്ന് മൊഴിയെടുത്തതോടെയാണ് ഹോട്ടൽ ജീവനക്കാരടക്കം പീഡിപ്പിച്ചതായി കണ്ടെത്തിയത്.
മനുഷ്യക്കടത്ത്-പെൺവാണിഭ സംഘമാണ് തങ്ങളെ ഹോട്ടലിൽ എത്തിച്ചതെന്നായിരുന്നു പെൺകുട്ടികളുടെ മൊഴി. കുറഞ്ഞ വാടകയ്ക്ക് ഹോട്ടലിൽ മുറി ലഭിക്കാനായി ഹോട്ടൽ ജീവനക്കാരുമായി ലൈംഗികവേഴ്ചയിലേർപ്പെടാനും സംഘം നിർബന്ധിച്ചിരുന്നു. ഇത് അനുസരിച്ചില്ലെങ്കിൽ ഹോട്ടലിൽനിന്ന് പുറത്താക്കുമെന്നും സംഘം പെൺകുട്ടികളോട് പറഞ്ഞു. മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നതെന്നും ഭക്ഷണം പോലും ലഭിച്ചില്ലെന്നും പെൺകുട്ടികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കാവൻകുമാർ പട്ടേൽ ഉൾപ്പെടെ മൂന്ന് ഹോട്ടൽ ജീവനക്കാരാണ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിൽ ഒരു പെൺകുട്ടിക്കായി കാവൻകുമാർ പണവും നൽകി. ഇതിനായി ഹോട്ടലിലെ ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണമാണ് ഉപയോഗിച്ചത്. എന്നാൽ, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മൂന്നാമത്തെ ജീവനക്കാരൻ പണമൊന്നും നൽകാതെയാണ് പെൺകുട്ടികളെ ചൂഷണംചെയ്തത്. തുടർന്ന് പെൺകുട്ടികൾക്കും പെൺവാണിഭ സംഘത്തിനും കുറഞ്ഞ വാടകയ്ക്ക് താമസിക്കാനുള്ള സൗകര്യവും ഇവർ ഏർപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. പെൺകുട്ടികളെ ഹോട്ടലിൽ താമസിപ്പിച്ച മനുഷ്യക്കടത്ത് സംഘം ഓൺലൈൻ വഴി പരസ്യം നൽകിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
Content Highlights: Kavan Kumar Patel sentenced to 10 years in prison., Convicted for sexually abusing a 15-year-old victim., The crime occurred in Omaha, Nebraska., Part of a larger human trafficking investigation involving hotel staff.