പലഹാരത്തിന് പകരം ലഹരി; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

#ന്യൂസ് ഡെസ്ക്
ഏറ്റുമാനൂരിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ എക്സൈസ് പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ
ഏറ്റുമാനൂരിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ എക്സൈസ് പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ

ഏറ്റുമാനൂർ: പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

സംഭവത്തിൽ പി.ആർ.ബേക്കറി ഉടമ ഏറ്റുമാനൂർ പേരൂർ കണ്ടൻചിറ സ്വദേശി ഉണ്ണിക്കുട്ടനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിക്ക് 10,000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ ഏറ്റുമാനൂർ നഗരസഭയ്ക്ക് നോട്ടീസ് നൽകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് ബേക്കറിയുടെ മറവിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായാണ് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ.

ഒരുപായ്ക്കറ്റിനു 100 രൂപയാണ് ഈടാക്കിയിരുന്നത്. ബേക്കറിയിൽവെച്ചും ഇടപാടുകാർക്ക് മറ്റ് സ്ഥലങ്ങളിലെത്തിച്ചും വിൽപ്പനനടത്തി. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ. ദർശകിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ഹരിഹരൻപോറ്റി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.എൻ. അജിത്ത് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ എന്നിവർ പങ്കെടുത്തു.

Content Highlights: Excise department seizes banned tobacco worth Rs 10 lakh from a bakery godown in Kottayam.