പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിക്ക് നേരേ അജ്ഞാതന്റെ ആക്രമണം; തലയ്ക്കടിയേറ്റ പെൺകുട്ടി ചികിത്സയിൽ

പാലക്കാട്: പാലക്കാട് ഐ.ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം.
സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി അശ്വനിക്കു (23) നേരെയാണ് ആക്രമണമുണ്ടായത്. നടന്നുപോകുമ്പോൾ പിന്നിൽനിന്നു വന്നയാൾ അടിച്ചെന്നാണ് അറിയുന്നത്. തലയിലും നെറ്റിയിലുമടക്കം പരിക്കുണ്ട്. ഇതുവഴിയെത്തിയ സഹപാഠികളാണ് പരിക്കേറ്റുകിടന്ന വിദ്യാർഥിനിയെ കാണുന്നത്. ഉടനെ ഐ.ഐ.ടി. അധികൃതരെ അറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് പാലക്കാട് കസബ പോലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. അടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതിനിടെ, കാമ്പസിലെ സുരക്ഷാവീഴ്ചയിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഏകദേശം ഇരുന്നൂറോളം വിദ്യാർഥികളാണ് കാംപസിലെ പ്രതിഷേധത്തിൽ അണിനിരന്നത്.
Content Highlights: IIT Palakkad student seriously injured after being attacked by an unknown assailant on campus. Investigation ongoing. Read more for details.