ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ കസ്റ്റഡിയിൽ വിട്ടു; ലൈംഗികശേഷി പരിശോധിക്കും

സുകാന്ത് സുരേഷ്
സുകാന്ത് സുരേഷ്

തിരുവനന്തപുരം ∙ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനാണ്‌ കസ്റ്റഡിയിൽ വിട്ടത്. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും. 

കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടർന്ന്  മെയ് 26-നാണ്‌ സുകാന്ത് കീഴടങ്ങിയത്.  ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. മുന്‍ ഐബി ഉദ്യോഗസ്ഥന്‍ കൂടിയാണ് സുകാന്ത്. ആത്മഹത്യ പ്രേരണ കുറ്റമുള്‍പ്പെടെ ചുമത്തപ്പെട്ടതിന് പിന്നാലെ ഇയാളെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള ചാറ്റുകള്‍ സുകാന്തിന്റേതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഓഫീസറായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകാന്തിന്റെ പങ്ക് പുറത്തുവന്നത്.

Content Highlights: IB officer suicide death; Sukanth Suresh send to police custody