ഓയോ ഹോട്ടൽ മുറിയിൽ ബാങ്ക് ജീവനക്കാരി മരിച്ചനിലയിൽ, പുലർച്ചെ സ്ഥലംവിട്ട് യുവാവ്; കൊലപാതകമെന്ന് സൂചന

ഹൈദരാബാദ്: ഹൈദരാബാദിലെ എസ്ആർ നഗറിലുള്ള ഓയോ ഹോട്ടൽ മുറിയിൽ 34-കാരിയായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി ഒപ്പം താമസിച്ചിരുന്ന ആൾ യുവതിയെ കൊലപ്പെടുത്തിയശേഷം പുലർച്ചെ കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം.
വികാരബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശിയും ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായ ബി. സിരീഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കാളിയായ എ. ശ്രീനിവാസ് (38) എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, സെപ്റ്റംബർ 9 മുതൽ ശ്രീനിവാസ് ഈ ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. സെപ്റ്റംബർ 24-നാണ് സിരീഷ ഇയാൾക്കൊപ്പം മുറിയിലെത്തിയത്. പരിശോധന സമയത്ത് വ്യാജ പേരുകളും വ്യാജ തിരിച്ചറിയൽ കാർഡുകളുമാണ് ഇവർ ഹോട്ടൽ അധികൃതർക്ക് നൽകിയിരുന്നത്. ശ്രീനിവാസ് ‘ഗണേഷ്’ എന്ന പേരിലും സിരീഷ ‘ദുർഗ’ എന്ന പേരിലുമാണ് മുറിയിലെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെ ശ്രീനിവാസ് ഹോട്ടലിൽനിന്ന് പുറത്തേക്ക് പോയി. പ്രഭാതഭക്ഷണത്തിനുശേഷം സിരീഷ മുറി ഒഴിഞ്ഞോളുമെന്നാണ് ഇയാൾ റിസപ്ഷനിലെ ജീവനക്കാരോട് പറഞ്ഞത്. എന്നാൽ, രാവിലെ ജീവനക്കാർ ചെല്ലുമ്പോൾ മുറിയിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഉച്ചയായിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം നമ്പർ 103 തുറന്നപ്പോഴാണ് സിരീഷയെ കിടക്കയിൽ മരിച്ചനിലയിൽ കണ്ടത്. രാത്രിയിൽ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ശ്രീനിവാസ് മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിച്ചതാകാം മരണകാരണമെന്നാണ് നിഗമനം.
സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ഒളിവിൽ പോയ ശ്രീനിവാസിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് തിരച്ചിൽ ആരംഭിച്ചു.
Content Highlights: A young woman was found dead under mysterious circumstances in an OYO hotel room in SR Nagar, Hyderabad., The room was booked under the name C. Ganesh, and a young man left the hotel early in the morning after paying the bill., Discrepancies found in identification documents with names 'Durga' and 'Sirisha'., Police are analyzing CCTV footage, hotel registration records, and investigating the missing companion.