2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമാർ സ്വദേശികൾ പിടിയിൽ

#ന്യൂസ് ഡെസ്ക്
കസ്റ്റംസ് കമ്മീഷണറേറ്റിന്റെ തിരുവനന്തപുരം വിമാനനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് നിറച്ച കവറുകള്‍. ഇന്‍സൈറ്റില്‍ കസ്റ്റംസ് അറസ്റ്റുചെയ്ത മ്യാന്‍മാര്‍ സ്വദേശികള്‍
കസ്റ്റംസ് കമ്മീഷണറേറ്റിന്റെ തിരുവനന്തപുരം വിമാനനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് നിറച്ച കവറുകള്‍. ഇന്‍സൈറ്റില്‍ കസ്റ്റംസ് അറസ്റ്റുചെയ്ത മ്യാന്‍മാര്‍ സ്വദേശികള്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് മ്യാൻമാർ സ്വദേശികൾ പിടിയിൽ. ബാഗുകളുടെ അടിഭാഗത്ത് പ്രത്യേക പൊതികളിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2.03 കോടി രൂപയുടെ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. യുയു കെയിങ് (32) എന്ന യുവതിയേയും ഇവരുടെ ആൺസുഹൃത്തായ മിൻസോ ഹെയിൻ (36) എന്നയാളെയുമാണ് വിമാനനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രിയോടെ സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരതെത്തിയ സ്‌കൂട്ട് എയർലൈൻസ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. മ്യാൻമാർ സ്വദേശികൾ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങേണ്ട സാഹചര്യത്തെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരോടും ചോദിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ റിസോർട്ടിൽ ഒരാഴ്ചക്കാലം താമസിക്കുന്നതിനാണ് എത്തിയത് എന്നായിരുന്നു ഇവരുടെ മറുപടി.

തുടർന്നുളള ചോദ്യങ്ങൾക്ക് വൈരുദ്ധ്യംനിറഞ്ഞ മറുപടികളാണ് ഇരുവരും നൽകിയത്. ഇതിനെത്തുടർന്നാണ് കസ്റ്റംസ് ഇരുവരെയും വിശദമായി ചോദ്യംചെയ്തത്. പിന്നാലെ ഇവരുടെ ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് രണ്ടുപേരുടേയും ബാഗുകളുടെ അടിഭാഗത്തായി പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ചിട്ടുള്ള നിലയിൽ നാല് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയത്.

തിരുവനന്തപുരത്തെ ഒരു സംഘത്തിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്, അവർ തങ്ങൾക്കായി റിസോർട്ടിൽ താമസമൊരുക്കിയിട്ടുണ്ട് എന്നും ആദ്യമായാണ് കേരളത്തിൽ എത്തുന്നതെന്നുമാണ് ഇവർ കസ്റ്റംസ് ഉദ്യോഗരോട് പറഞ്ഞത്. നേരത്തേ, പലഘട്ടങ്ങളിലായി നേപ്പാളിലേക്കും ഇത്തരത്തിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്നു എന്നും ഇവർ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രതികൾക്കെതിരെ കസ്റ്റംസ് കേസെടുത്തു. ഇവരുടെ പക്കൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങുന്ന തിരുവനന്തപുരത്തെ സംഘത്തെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Content Highlights: Two Myanmar nationals were arrested at Thiruvananthapuram airport for attempting to smuggle 5.8 kg of hybrid cannabis worth ₹2.03 crore, concealed in their luggage. The suspects, who arrived from Singapore, provided conflicting answers during customs questioning, leading to a detailed inspection and discovery of the cannabis.