ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽ

മറയൂർ: മറയൂർ പോലീസ് സ്റ്റേഷനു മുമ്പിൽവെച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കുറത്തികൊടി സ്വദേശി ശിവാനന്ദൻ ആണ് ഭാര്യ സുബ്ബലക്ഷ്മി (48)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.
കുടുംബപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് ഇരുവരെയും വിളിച്ചു വരുത്തിയിരുന്നു. പോലീസുകാരുടെ സാന്നിധ്യത്തിൽ പ്രശ്നം പറഞ്ഞുതീർത്തശേഷം ഇവർ രണ്ടുപേരും പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി. ഈ സമയത്താണ് സുബ്ബലക്ഷ്മിക്ക് നേരെ ആക്രമണം ഉണ്ടായത്.
പോലീസ് സ്റ്റേഷന്റെ ഗേറ്റിന് പുറത്തുവെച്ച് ഭർത്താവ് പലതവണ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സുബ്ബലക്ഷ്മിയെ മറയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശിവാനന്ദൻ പോലീസ് കസ്റ്റഡിയിലാണ്.
Content Highlights: Incident occurred right outside the Marayoor police station gate., The couple had entered the station to resolve an ongoing family dispute., Accused Sivanandan attacked his wife Subbulakshmi with a weapon after the mediation., Victim shifted to Adimali Taluk Hospital for advanced medical treatment., Accused husband is currently in police custody.