വീണ്ടും ഹണിമൂൺ കൊലപാതകം; കാമുകന്റെ കൂടെ ജീവിക്കാൻ ഭർത്താവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി യുവതി

ശ്രീ ഗംഗാനഗർ: രാജ്യത്ത് വീണ്ടും മേഘാലയ മോഡൽ ഹണിമൂൺ കൊലപാതകം. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പോലീസിന്റെ പിടിയിലായി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശിയായ ആഷിഷാണ് കൊല്ലപ്പെട്ടത്. ആദ്യം വാഹനാപകടമാണെന്ന് കരുതിയ സംഭവം പിന്നീട് പോലീസിന്റെ അന്വേഷണത്തിലാണ് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ആഷിഷിനെ ഭാര്യ അഞ്ജുവും അവളുടെ കാമുകൻ സഞ്ജുവും മറ്റ് രണ്ട് പേരും ചേർന്ന് കൊലപ്പെടുത്തുകയും അത് വാഹനാപകടമാണെന്ന് വരുത്തിത്തീർക്കുകയുമായിരുന്നു.
വൈകുന്നേരം നടക്കാൻ പോകുന്നതിനിടെ തങ്ങളെ ഒരു വാഹനം ഇടിക്കുകയും അപകടത്തിൽ ഭർത്താവ് മരണപ്പെടുകയുമായിരുന്നു എന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാൽ ആഷിഷിന്റെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ അസ്വാഭാവികതയും അഞ്ജുവിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ കാരണം.
ജനുവരി 30-നായിരുന്നു സംഭവം. മൂന്നു മാസങ്ങൾക്കു മുമ്പാണ് ആഷിഷും അഞ്ജുവും വിവാഹിതരാകുന്നത്. സംഭവ ദിവസം മദ്യപിച്ചിരുന്ന ആഷിഷിനെ വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ തങ്ങളെ ഇടിക്കുകയും കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും അപകടത്തിൽ ആഷിഷ് മരിച്ചുവെന്നുമായിരുന്നു അഞ്ജു പോലീസിന് മൊഴി നൽകിയത്.
സംഭവ ദിവസം രാത്രി ഏകദേശം ഒമ്പതു മണിയോടെയാണ് ശ്രീ ഗംഗാനഗർ പോലീസിന് ദമ്പതികൾ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി വിവരം ലഭിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. പോലീസ് ദമ്പതികളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും ആഷിഷ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇതോടെ സംഭവം അന്വേഷിക്കാൻ പോലീസ്, ഫോറൻസിക് സയൻസ് ലബോറട്ടറി സംഘത്തെ വിളിക്കുകയായിരുന്നു. ആഷിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആഷിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.
അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനു ശേഷം തെളിവുകൾ ശേഖരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
അയൽവാസിയായ സഞ്ജുവുമായി അഞ്ജു പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ആഷിഷിന്റെ വിവാഹാലോചന വന്നതും വിവാഹം നടന്നതും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ അഞ്ജു സന്തുഷ്ടയായിരുന്നില്ല. ഇതോടെ സഞ്ജുവുമായി ബന്ധം തുടർന്നു. തുടർന്നാണ് ഇരുവരും ചേർന്ന് ആഷിഷിനെ കൊല്ലാൻ പദ്ധതിയിടുന്നത്. ഇതുപ്രകാരം അഞ്ജു, വൈകുന്നേരം ആഷിഷിന് സ്ഥിരമായി മദ്യം നൽകാൻ തുടങ്ങി. മദ്യപാനത്തിനു ശേഷം ഒന്നിച്ച് പുറത്ത് നടക്കാൻ പോകുന്നതും പതിവാക്കി.
സംഭവ ദിവസവും ഇത്തരത്തിൽ ഇരുവരും നടക്കാൻ പോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കാത്തിരുന്ന സഞ്ജുവും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർഥും ചേർന്ന് ആഷിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം തന്നെ കൊള്ളയടിച്ചെന്ന് വരുത്തിത്തീർക്കാൻ അഞ്ജു തന്റെ ആഭരണങ്ങളും മറ്റും സഞ്ജുവിന് നൽകി. ബോധരഹിതയായതായി അഭിനയിച്ച് അവിടെ കിടന്നു. തുടർന്ന് സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.
Content Highlights: Shocking honeymoon murder case in Rajasthan. Wife and lover conspire to kill husband and stage it as a road accident to live together. Details inside.