ഹേമചന്ദ്രൻ തൂങ്ങിമരിച്ചതല്ല, കഴുത്തുഞെരിച്ച് കൊന്നത്; നൗഷാദിനെ കുരുക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലപ്പെട്ട ഹേമചന്ദ്രന്‍, മുഖ്യപ്രതി നൗഷാദ്
കൊല്ലപ്പെട്ട ഹേമചന്ദ്രന്‍, മുഖ്യപ്രതി നൗഷാദ്

കോഴിക്കോട്: തമിഴ്നാട്ടിലെ ചേരമ്പാടി റിസർവ് വനത്തിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടംചെയ്തപ്പോൾ തൂങ്ങിമരിച്ചതല്ലെന്ന് റിപ്പോർട്ട്. ക്രൂരമായ മർദനവും കഴുത്തുഞെരിച്ചുള്ള ശ്വാസംമുട്ടിക്കലുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മുഖ്യപ്രതി നൗഷാദ് നൽകിയ കുറ്റസമ്മതമൊഴി തെറ്റാണെന്ന് ബോധ്യമായി. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോൾ മൃതദേഹം കുഴിച്ചിടുകമാത്രമാണ് ചെയ്തതെന്നുമായിരുന്നു നൗഷാദിന്റെ മൊഴി. ഈ മൊഴി തെറ്റാണെന്നുസ്ഥാപിക്കാൻ സഹായിക്കുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്.

വെള്ളിയാഴ്ചയാണ് അന്വേഷണസംഘം ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽനിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആർഡിഒയിൽനിന്ന് എക്സ്ഹ്യുമേഷൻ റിപ്പോർട്ടും കൈപ്പറ്റിയത്. ഹേമചന്ദ്രന്റെ മൃതദേഹം മണ്ണിൽപ്പുതഞ്ഞ് കിടന്നിരുന്നെങ്കിലും ഒന്നേകാൽ വർഷത്തോളം മണ്ണിൽക്കിടന്നതുമൂലമുള്ള അഴുകൽ ശരീരത്തിലുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത് മണ്ണിന്റെഘടനയും തണുപ്പുംമൂലമാണെന്നാണ് ഫൊറൻസിക് വിഭാഗത്തിന്റെ നിരീക്ഷണം.

ആർഡിഒയുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിദഗ്ധരാണ് മൃതദേഹം മണ്ണിൽനിന്ന് പുറത്തെടുത്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് എക്സ്ഹ്യുമേഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും തയ്യാറാക്കിയ ഗൂഡല്ലൂർ ആർഡിഒയെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയ ഫൊറൻസിക് മെഡിസിൻ സർജനെയും സ്ഥലം തഹസിൽദാരെയും നേരിൽക്കണ്ട് അന്വേഷണസംഘം മൊഴികൾ രേഖപ്പെടുത്തി.

നൗഷാദ് ഉൾപ്പെടെ നാലുപേരാണ് നിലവിൽ ഈ കേസിൽ അറസ്റ്റിലുള്ളത്. ജ്യോതിഷ്‌കുമാർ, അജേഷ്, വൈശാഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. മെഡിക്കൽ കോളേജിനടുത്ത് മായനാട്ടെ വാടകവീട്ടിൽ രണ്ടുവർഷത്തോളമായി താമസിക്കുകയായിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാർച്ച് 20-നാണ് കാണാതായത്. മാർച്ച് 22-ന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

Content Highlights: hemachandran murder case postmortom report