'മീ റ്റൂ' മൂവ്മെന്റിലെ ശ്രദ്ധേയമായ കേസ്; ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീന്റെ ശിക്ഷ റദ്ദാക്കി

ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാതിക്രമക്കേസില്‍ ശിക്ഷ റദ്ദാക്കി ന്യൂയോര്‍ക്കിലെ പരമോന്നത കോടതി. വിചാരണയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ റദ്ദാക്കിയത്. 2020-ലെ കേസില്‍ 23 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു ഹാര്‍വി വെയന്‍സ്റ്റീന് വിധിച്ചത്.
'മീ റ്റൂ' മൂവ്‌മെന്റിലെ ആദ്യകാല കേസുകളിലൊന്നാണ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ആരോപണം. കേസുമായി ബന്ധമില്ലാത്തവരുടേയും മൊഴിരേഖപ്പെടുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ റദ്ദാക്കിയ കോടതി, വീണ്ടും വിചാരണ നടത്താനും നിര്‍ദേശിച്ചു.
2013-ലും 2006-ലും നടന്ന സംഭവങ്ങളിലാണ് വെയന്‍സ്റ്റീനെ 2020-ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി 12-ലധികം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ലോസ് ആഞ്ജലിസിലെ ബെവേര്‍ലി ഹില്‍സ് ഹോട്ടല്‍മുറിയില്‍ യൂറോപ്യന്‍ നടിക്കുനേരെ നടത്തിയ ലൈംഗികാതിക്രമക്കേസില്‍ 16 വര്‍ഷവും വെയ്ന്‍സ്റ്റീനെ ശിക്ഷിച്ചിരുന്നു.
2006-ല്‍ തുടങ്ങിയെങ്കിലും 2017- മുതല്‍ വെയ്ന്‍സ്റ്റീനിനെതിരായ ആരോപണങ്ങളുലൂടെയാണ് മീ റ്റൂ മൂവ്‌മെന്റ് ശ്രദ്ധേയമാവുന്നത്. വിഖ്യാത ചിത്രങ്ങളായ 'പള്‍പ് ഫിക്ഷ'ന്റെ വിതരണക്കാരും 'ഷേക്‌സ്പിയര്‍ ഇന്‍ ലവി'ന്റെ നിര്‍മാതാക്കളുമായ മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകരില്‍ ഒരാളാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍.
Content Highlights: New York court overturns Harvey Weinstein sex crime conviction