കാമുകി തെറ്റിപ്പിരിഞ്ഞു, സ്വകാര്യദൃശ്യം ഭാര്യയ്ക്കയച്ചു; സ്ത്രീവേഷത്തിലെത്തി വധശ്രമം, ട്വിസ്റ്റ്

തൃശ്ശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിന് പിന്നിൽ നിർണായക വിവരങ്ങൾ പുറത്ത്. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം തെറ്റിപ്പിരിഞ്ഞതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകാസൂത്രണത്തിലേക്ക് പ്രതികളെ എത്തിച്ചതെന്നാണ് വിവരം. താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ പ്രതികൾ തക്കസമയത്ത് പോലീസിന്റെ പിടിയിലായതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.
തൊടുപുഴയിൽവെച്ചാണ് യുവതിയും പ്രതിയായ പ്രസാദ് എന്നയാളും പരിചയത്തിലാകുന്നത്. പ്രസാദ് നേരത്തെ വിവാഹിതനായിരുന്നു. ഭാര്യ വിദേശത്താണ്. സ്പായിൽവെച്ചാണ് പ്രസാദ് യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളായി. ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഇരുവർക്കുമിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതി തെറ്റിപ്പിരിഞ്ഞ് അവിടെനിന്ന് ഗുരുവായൂരിലേക്ക് പോയി.
ഇതിനിടെ യുവതി പ്രസാദിന്റെ ഭാര്യയുമായി അടുപ്പംസ്ഥാപിക്കുകയും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്തു. പ്രസാദുമായി അടുപ്പമുള്ള സമയത്ത് എടുത്ത ദൃശ്യങ്ങളും യുവതി പ്രസാദിന്റെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. ഇത് പ്രസാദിനും ഭാര്യയ്ക്കുമിടയിൽ പ്രശ്നങ്ങൾക്ക് കാരണമായി. കുടുംബപ്രശ്നം ഉടലെടുത്തതോടെയാണ് പ്രസാദ് പ്രതികാരത്തിനിറങ്ങിയത്.
യുവതിയുടെ പുതിയ ജോലി വിവരവും താമസസ്ഥലവും പ്രസാദിന് അറിയില്ലായിരുന്നു. ഇത് കണ്ടെത്താനാണ് പ്രസാദ് വേഷംമാറി ഗുരുവായൂരിൽ എത്തിയത്. യുവതിയെ കണ്ടെത്തി കൊലപ്പെടുത്താനായിരുന്നു ഇയാളുടെ ഉദ്ദേശം. ഇയാൾക്കൊപ്പം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മറ്റു നാലുപേരും ഉണ്ടായിരുന്നു. പ്രതികളുടെ പക്കൽനിന്ന് 16 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സ്ത്രീവേഷത്തിൽ ഗുരുവായൂർ പടിഞ്ഞാറേനടയിൽ സംശയാസ്പദമായി കണ്ട പ്രസാദിനെ പോലീസ് ചോദ്യംചെയ്തതോടെയാണ് കൊലപാതകാസൂത്രണം മനസ്സിലായത്. ആദ്യം ഇയാൾ പറഞ്ഞത് കൂട്ടുകാരിയെ കാണാൻ വന്നതെന്നായിരുന്നു. എന്നാൽ, സ്ത്രീവേഷത്തിലെത്തിയ പ്രസാദിനെ കണ്ട് പോലീസിന് പന്തികേടു തോന്നി. തുടർന്ന് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി ചോദ്യംചെയ്യുകയായിരുന്നു. വിശദമായി ചോദ്യം ചെയ്യലിലാണ് കൊലപാത പദ്ധതിയുടെ ചുരുളഴിയുന്നത്.
ഒപ്പമുള്ള നാലുപേരെ പോലീസ് ഗുരുവായൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇവരുടെ കാറിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തൊടുപുഴ സ്വദേശികളായ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23), ചോലമാട്ടത്തിൽ പ്രസാദ് (43), തോട്ടുകര തെങ്ങിൽ ഷാഹിദ് (24), കാരക്കുന്നേൽ സ്റ്റീഫൻ (32), ഇടുക്കി മാത്തപ്പാറ തൈപ്പറമ്പിൽ ബിനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
Content Highlights: A man disguised as a woman was arrested in Guruvayur for plotting to murder a woman., The motive stemmed from a personal dispute and revenge after the victim exposed the accused's extramarital affair., The accused and four accomplices were apprehended by the police before the crime could be executed., Police recovered 16 grams of ganja from the suspects' vehicle during the arrest.