സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി, 19-കാരിക്ക് ക്രൂരപീഡനം; ലിവ് ഇൻ പങ്കാളി അറസ്റ്റിൽ

ന്യൂഡൽഹി: ത്രിപുര സ്വദേശിയായ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച് ലിവ് ഇൻ പങ്കാളിയായ യുവാവ്. ഗുരുഗ്രാമിൽ പഠിക്കുന്ന 19-കാരിയാണ് ക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ ലിവ് ഇൻ പങ്കാളിയായ ശിവം എന്നയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇയാൾ ഡൽഹി സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
ഗുരുഗ്രാമിലെ സ്വകാര്യ സർവകലാശാലയിൽ ബി.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിനിയാണ് 19-കാരി. ഗുരുഗ്രാമിലെ സെക്ടർ 69-ൽ പേയിങ് ഗസ്റ്റായിട്ടാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഡേറ്റിങ് ആപ്പ് വഴി പെൺകുട്ടിയും പ്രതിയും പരിചയത്തിലായത്. പിന്നാലെ ഇരുവരും നേരിട്ട് കണ്ടു. തുടർന്ന് ഇരുവരും അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു.
ഒരുമിച്ച് താമസം തുടങ്ങിയതോടെ തങ്ങൾ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നതായാണ് യുവതി നൽകിയ മൊഴി. എന്നാൽ, പിന്നീട് ശിവത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി. വിദ്യാർഥിനി തന്നെ വഞ്ചിക്കുന്നതായി യുവാവ് സംശയിച്ചു. ഇതോടെ മാനസികമായും ശാരീരികമായും പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും പോലീസ് പറഞ്ഞു.
ഫെബ്രുവരി 16-ാം തീയതി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ചത്. സ്റ്റീൽകുപ്പി കൊണ്ടും പാത്രം ഉപയോഗിച്ചും യുവാവ് പെൺകുട്ടിയുടെ തലയിലടിച്ചു. പിന്നാലെ തല ചുമരിലിടിപ്പിച്ചും പരിക്കേൽപ്പിച്ചു. കത്തികൊണ്ട് കാലിൽ മുറിവുണ്ടാക്കി. ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ലെന്ന് പറഞ്ഞായിരുന്നു കാലിൽ ഇത്തരത്തിൽ പരിക്കേൽപ്പിച്ചത്. ഇതിനുശേഷം സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് പെൺകുട്ടിയെ തീകൊളുത്തി കൊല്ലാനും ശ്രമിച്ചു. പെൺകുട്ടി പരാതി നൽകാതിരിക്കാൻ പ്രതി ഭീഷണി മുഴക്കിയിരുന്നതായും പോലീസ് പറഞ്ഞു. ഇതിനായി പെൺകുട്ടിയുടെ നഗ്നവീഡിയോകൾ പ്രതി പകർത്തിയിരുന്നു. പീഡനം പുറത്തുപറഞ്ഞാൽ ഈ വീഡിയോകൾ പ്രചരിപ്പിക്കുമെന്നാണ് പ്രതി ഭീഷണിമുഴക്കിയതെന്നും പോലീസ് പറഞ്ഞു.
ഫെബ്രുവരി 16-ലെ ക്രൂരപീഡനം കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷമാണ് സംഭവത്തെക്കുറിച്ച് പെൺകുട്ടി അമ്മയെ വിവരമറിയിച്ചത്. പ്രതിയുടെ ഫോൺ തന്ത്രപൂർവം കൈക്കലാക്കിയ പെൺകുട്ടി അമ്മയെ ഫോണിൽ വിളിക്കുകയായിരുന്നു. ശിവം ഇത് കേട്ടെങ്കിലും പ്രാദേശികഭാഷയിലാണ് സംസാരിച്ചതെന്നതിനാൽ ഇയാൾക്ക് ഇരുവരുടെയും സംഭാഷണം മനസിലായില്ല. മകളുടെ ഫോൺകോൾ വന്നതിന് പിന്നാലെ അമ്മയാണ് അടിയന്തര സഹായത്തിനുള്ള 112-ൽ വിളിച്ച് സഹായംതേടിയത്. ഉടൻതന്നെ ഗുരുഗ്രാം പോലീസ് പെൺകുട്ടിയുടെ താമസസ്ഥലത്തെത്തി. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Content Highlights: Tripura student brutally assaulted by live-in partner in Gurugram. Accused arrested. Injured student hospitalized. Read details.