ഭര്‍ത്താവായാലും ബലാത്സംഗം 'ബലാത്സംഗം' തന്നെ- ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഭര്‍ത്താവ് ഭാര്യയോട് ചെയ്യുന്നതായാലും ബലാത്സംഗം ബലാത്സംഗം തന്നെയെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം.
ബലാത്സംഗക്കേസില്‍ ഭര്‍ത്തൃമാതാവിന്റെ ജാമ്യാപേക്ഷ തള്ളുന്ന ഉത്തരവിലാണ് ജസ്റ്റിസ് ദിവ്യേഷ് ജോഷി വൈഹാഹിക ബലാത്സംഗങ്ങളെ വിമര്‍ശിച്ചത്. ഇരയായ യുവതിയെ ഭര്‍ത്താവും ഭര്‍ത്തൃപിതാവും ബലാത്കാരം നടത്തുകയും നഗ്‌നവീഡിയോകള്‍ പണത്തിനായി അശ്ലീലസൈറ്റുകളിലിടുകയും ചെയ്‌തെന്ന കേസാണിത്.
ബലാത്സംഗക്കേസുകളില്‍ ഭര്‍ത്താവാണ് പ്രതിയെങ്കില്‍ ഒഴിവാക്കപ്പെടുന്നതാണ് നടപ്പുരീതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെയ്യുന്നത് ബലാത്സംഗമാണെങ്കില്‍ കൃത്യം നടത്തിയത് ഭര്‍ത്താവാണോ ഇരയായത് ഭാര്യയാണോ എന്ന് നോക്കേണ്ടതില്ല. അവരെ പുരുഷനും സ്ത്രീയുമായി കണ്ടാല്‍മതി. വിവാഹത്തെ തുല്യതയുള്ളവരുടെ ഒന്നിക്കലായാണ് ഭരണഘടന കാണുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമേല്‍ മൗനത്തിന്റെ വലിയ പുതപ്പുണ്ട്. അധികാരത്തിലെ അസമത്വവും സാംസ്‌കാരികമൂല്യങ്ങളും സാമ്പത്തികമായ ആശ്രിതത്വവും ദാരിദ്ര്യവും മദ്യാസക്തിയുമൊക്കെ ഇതിന് കാരണങ്ങളാണ്.
ഇന്ത്യയില്‍ പ്രതികളെ സ്ത്രീകള്‍ക്ക് അറിയാമെങ്കിലും പരാതിപ്പെടുന്നതിനുള്ള സാമ്പത്തികവും സാമൂഹികവുമായ ചെലവ് കൂടുതലാണ്. കുടുംബത്തിനകത്തും ഒറ്റപ്പെടാനിടയുണ്ട്. അതിനാല്‍ പീഡനങ്ങളുടെ എണ്ണം ലഭ്യമായ കണക്കുകളില്‍ ഒതുങ്ങാനിടയില്ല. അതിക്രമം നിശ്ശബ്ദമായി സഹിച്ച് ഒതുങ്ങിക്കഴിയുന്നവര്‍ ഏറെയുണ്ടാകും. ഈ നിശ്ശബ്ദത ഭേദിക്കപ്പെടണം. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ വൈവാഹിക ബലാത്സംഗം കുറ്റമാണ്. മറ്റനേകം രാജ്യങ്ങളും ഇതേ പാതയിലാണ് -വിധിയില്‍ പറയുന്നു.
രാജ്കോട്ട് സൈബര്‍ ക്രൈം പോലീസ് എടുത്ത കേസിലാണ് ദിവ്യേഷ് ജോഷി ജാമ്യം നിരാകരിച്ചത്. ഭര്‍ത്താവും അയാളുടെ അച്ഛനമ്മമാരും അറസ്റ്റിലായി. വ്യാപാരപങ്കാളികളില്‍നിന്ന് ഒരു ഹോട്ടല്‍ വാങ്ങുന്നതിന് ഇവര്‍ക്ക് പണം ആവശ്യമായിരുന്നു. അതിനായി കണ്ടെത്തിയ മാര്‍ഗമാണ് നഗ്‌നവീഡിയോയുടെ വില്‍പ്പനയെന്നാണ് കേസ്. ഭാര്യയുടെ വീഡിയോ പകര്‍ത്തി ഭര്‍ത്താവ് അച്ഛന് കൈമാറി. ഇയാളും മരുമകളെ പീഡിപ്പിച്ചു. ഭര്‍ത്തൃമാതാവിന്റെ ഒത്താശയുമുണ്ടായി. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അതിക്രമിക്കുന്നതും നിസ്സാരവത്കരിക്കാനും സിനിമകളിലും പതിവ് സംസാരങ്ങളിലും കാല്പനികവത്കരിക്കാനും പ്രവണതകളുണ്ടെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ അങ്ങനെയൊക്കെയാണെന്ന സാമാന്യവത്കരണം ഇരകളെ നിശ്ശബ്ദമായ സഹനത്തിന് പ്രേരിപ്പിക്കുന്നതായും അഭിപ്രായപ്പെട്ടു.
Content Highlights: gujarat highcourt about marital rape