ഗുജറാത്തിൽ ദുരഭിമാനക്കൊല; മകളെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്; ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമം

ഗുജറാത്ത്: ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിനെ തുടർന്ന് മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ഗുജറാത്തിലെ മേത്ത്പുർ ഗ്രാമത്തിലാണ് സംഭവം. കൗശൽ രാമൻലാൽ പട്ടേലാണ് മകൾ സന്യ പട്ടേലിനെ (21) കൊലപ്പെടുത്തിയത്. പിതാവ് പ്രണയബന്ധം അവസാനിപ്പിക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സന്യ ഇതിന് തയ്യാറായില്ല. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നവംബർ ഒമ്പതിനായിരുന്നു സംഭവം. വഡോദരയിൽ താമസിച്ചിരുന്ന സന്യയുടെ കുടുംബം ദീപാവലി ആഘോഷിക്കുന്നതിനായി മേത്ത്പുരിലെ വീട്ടിലെത്തിയതായിരുന്നു. നവംബർ എട്ടിന് രാത്രി സന്യയും മാതാപിതാക്കളും മറ്റ് ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ഏറെനേരം സംസാരിച്ചശേഷം എല്ലാവരും ഉറങ്ങാൻ പോയി. പിന്നീട് മകളോട് പ്രണയത്തെക്കുറിച്ച് പിതാവ് വീണ്ടും സംസാരിക്കുകയും ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രാത്രിയിൽ പിതാവ് സന്യയ്ക്ക് ഉറക്കഗുളിക നൽകിയിരുന്നു. ഇതിനുശേഷവും ഇരുവരും സംസാരിച്ചിട്ടുണ്ട്.
പുലർച്ചെ 3.30-ന് അടുക്കളയിൽവെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ, ‘ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തുചെയ്യു’മെന്ന് പിതാവ് ചോദിച്ചു. 'എന്നാൽ അങ്ങനെ ചെയ്യൂ' എന്നായിരുന്നു സന്യയുടെ മറുപടി. തുടർന്ന് ദുപ്പട്ട ഉപയോഗിച്ച് പിതാവ് മകളുടെ കഴുത്തുഞെരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം
സംഭവത്തിന് ശേഷം, മകൾ ആത്മഹത്യ ചെയ്തെന്ന് പിതാവ് ബന്ധുക്കളോട് പറഞ്ഞതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 5.30-ഓടെ ഇയാൾ അമ്മാവനെ വിളിച്ച് വീട്ടിലെത്താൻ ആവശ്യപ്പെട്ടു. പിന്നീട് ബന്ധുക്കളും വീട്ടിലെത്തി. സന്യയെ ഖംഭാട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പിതാവ് നൽകിയ മൊഴിയും മൃതദേഹത്തിന്റെ അവസ്ഥയും തമ്മിലുള്ള പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ പോസ്റ്റ്മോർട്ടം നിർദേശിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കഴുത്തിൽ കയർ പോലുള്ള വസ്തു മുറുകിയുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ പിതാവിനെ വീണ്ടും ചോദ്യംചെയ്ത പൊലീസ് കൊലപാതകത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 103(1) വകുപ്പ് പ്രകാരം ഖംഭാട്ട് ടൗൺ പൊലീസ് കൗശൽ രാമൻലാൽ പട്ടേലിനെതിരെ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: 21-year-old Sanya Patel was strangled to death by her father Kaushal Ramanlal Patel., The motive was her refusal to end an inter-caste relationship., Post-mortem results exposed the truth., Police registered a murder case under Section 103(1) of the BNS.