ഗുജറാത്ത് തീരത്ത് ലഹരിവേട്ട; ഇറാനിൽനിന്നുള്ള ബോട്ട് വളഞ്ഞ് കോസ്റ്റ്ഗാർഡും എടിഎസും; 2 പേർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. സ്പീഡ് ബോട്ടിൽ കടത്തുകയായിരുന്ന 203 കിലോഗ്രാം ലഹരിമരുന്നാണ് ഗുജറാത്ത് എടിഎസും ഇന്ത്യൻ കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇറാൻ പൗരന്മാരെയും കസ്റ്റഡിയിലെടുത്തു.
ഇറാനിൽനിന്ന് പഞ്ചാബിലേക്ക് കടത്തുകയായിരുന്ന ലഹരിമരുന്നാണ് ബോട്ടിൽനിന്ന് പിടിച്ചെടുത്തതെന്ന് എടിഎസ് വൃത്തങ്ങൾ പറഞ്ഞു. ഇറാനിലെ 'ഹാജി ഫിദ' എന്ന പേരിലുള്ള ലഹരിശൃംഖലയിൽനിന്ന് പഞ്ചാബിലെ ഒരാൾക്ക് ലഹരിമരുന്ന് അയക്കാൻ പദ്ധതിയിടുന്നതായി എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി എടിഎസും കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു സ്പീഡ് ബോട്ട് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് കോസ്റ്റ് ഗാർഡ് ബോട്ടിനെ വളയുകയും ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. അധികൃതർ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം വീതമുള്ള 203 പാക്കറ്റ് ലഹരിമരുന്നും ബോട്ടിൽനിന്ന് കണ്ടെടുത്തു.
ഇറാൻ സ്വദേശികളായ അബ്ദുൾ മജീദ്, അബ്ദുൾ സത്താർ എന്നിവരെയാണ് ബോട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. അതേസമയം, ഒരു ചെറിയ സ്പീഡ് ബോട്ടിൽ ഇത്രയുംദൂരം സഞ്ചരിക്കുന്നത് അസാധാരണമാണെന്നാണ് അധികൃതർ പറയുന്നത്. പിടിച്ചെടുത്ത ബോട്ട് ഇറാനിൽ നിർമിച്ചതാണെന്നും അധികൃതർ പറഞ്ഞു.
Content Highlights: Massive drug bust on Gujarat coast! 203kg of narcotics seized from a speed boat. Two Iranian nationals apprehended by ATS & Coast Guard. Read details.