ആയിരം കോടി തട്ടിയവൻ വീണത് 200 രൂപയുടെ കെണിയിൽ; സൈബർ തട്ടിപ്പുകാരനെ ‘ഡിജിറ്റൽ അറസ്റ്റി’ൽ കുടുക്കി

#ന്യൂസ് ഡെസ്ക്
Photo - x.com/PTI_News
Photo - x.com/PTI_News

അഹമ്മദാബാദ്: 1071.5 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ അസം സ്വദേശി റഫീഖുൽ ആലത്തെ ഗുജറാത്ത് സി.ഐ.ഡി.യുടെ സൈബർ സെന്റർ ഓഫ് എക്‌സലൻസ് (സി.സി.ഒ.ഇ.യെ) പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഡിജിറ്റൽ അറസ്റ്റുതന്നെ തിരിച്ചുപയോഗിച്ചാണ് പ്രതിയെ വലയിലാക്കിയത്. തട്ടിപ്പിനിരയാക്കിയ ആളെ ഉപയോഗിച്ചുതന്നെ സി.ഐ.ഡി. സംഘം പ്രതിയിലേക്കെത്തുകയായിരുന്നു.

ഓഗസ്റ്റ് ഒമ്പതിനാണ് താൻ ഡിജിറ്റൽ അറസ്റ്റാലാണെന്ന് വ്യക്തമാക്കി അഹമ്മദാബാദിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ സി.സി.ഒ.ഇ.യെ സമീപിച്ചത്. ഒരു ഐ.എ.എസുകാരന്റെ നിർദേശപ്രകാരമായിരുന്നു ഇയാൾ എത്തിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെന്ന് ആരോപിച്ച് നാസിക് പോലീസ് ആണെന്ന് പരിചയപ്പെടുത്തി ദിവസവും മൂന്നുനാലു മണിക്കൂർ ഫോണിൽ നിർത്തി തട്ടിപ്പുകാർ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ഫോണിലേക്ക് സുപ്രീംകോടതിയുടെ വ്യാജ സമൻസുകളും വന്നിരുന്നു. ഭയപ്പെട്ട ഇയാൾ തട്ടിപ്പുകാർക്ക് കൊടുക്കാനായി ഭാര്യയുടെ അക്കൗണ്ടിലെ പണംമുഴുവൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. 20 ലക്ഷം രൂപ തട്ടിപ്പുകാർക്ക് നൽകുന്നതിന് തൊട്ടുമുന്നെയാണ് ഇയാൾ സി.ഐ.ഡി. സംഘത്തെ സമീപിച്ചത്.

പരാതി പരിഗണിച്ച സി.ഐ.ഡി. ഇപ്പോഴും ഡിജിറ്റൽ അറസ്റ്റിൽതന്നെയാണെന്ന് തോന്നിപ്പിക്കുംവിധം തട്ടിപ്പുകാരോട് പെരുമാറാൻ ഇയാളോട് നിർദേശിച്ചു. പണം അയക്കാമെന്ന് സമ്മതിച്ചതോടെ തട്ടിപ്പുകാർ അക്കൗണ്ട് നമ്പർ കൈമാറി. ഒരു വെരിഫിക്കേഷൻ എന്ന നിലയ്ക്ക് സി.ഐ.ഡി. ഈ അക്കൗണ്ടിലേക്ക് 200 രൂപ അയച്ചുകൊടുത്തു. ഈ ഇടപാടിലൂടെ തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസമിലെ ബാർപേട്ടയിലെ സാഞ്ചുക സ്വദേശിയായ റഫീഖുൽ ആലത്തിലേക്ക് സംഘമെത്തിയത്. തുടർന്ന് ഓഗസ്റ്റ് 16-ന് സംഘം അസമിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ഗുജറാത്തിലെത്തിക്കുകയായിരുന്നുവെന്ന് സി.സി.ഒ.ഇ. എസ്.പി. വിവേക് ഭേദ പറഞ്ഞു.

പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ച സി.സി.ഒ.ഇ., ഇതിലേക്ക് പല സംസ്ഥാനങ്ങളിലെ ഇരകളിൽനിന്നായി 50 ലക്ഷത്തോളം രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പണമയച്ച എട്ട് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ അയച്ച് ഇരകളിൽനിന്ന് കൂടുതൽ പണം നഷ്ടപ്പെടുന്നത് തടയുകയും ചെയ്തു. അക്കൗണ്ടിൽനിന്ന് ലഭിച്ച വിവരങ്ങൾപ്രകാരം ജാംനഗറിലേയും സൂറത്തിലേയും അഹമ്മദാബാദിലേയും ആളുകളെ ഇയാൾ ഇരകളാക്കിയിട്ടുണ്ടെന്നും വ്യക്തമായി.

സൂറത്തിൽനിന്നുള്ളയാൾ ഇതിനകം തട്ടിപ്പുകാർക്ക് 10 ലക്ഷം രൂപ നൽകിയതായും മറ്റൊരു 20 ലക്ഷം രൂപ നൽകുന്നതിനായി സ്വന്തം കട വിറ്റതായും കണ്ടെത്തി. ജാംനഗറിലെ മറ്റൊരു വ്യക്തി 9.5 ലക്ഷം അയക്കുകയും പത്തുലക്ഷംകൂടി അയക്കാൻ തയ്യാറെടുക്കുകയുമായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി 1,000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് സി.സി.ഒ.ഇ.യുടെ കണ്ടെത്തൽ.

ഇങ്ങനെ കിട്ടുന്ന പണം പ്രതി സെക്കൻഡുകൾക്കുള്ളിൽ 3,000 വീതമുള്ള ചെറുതുകകളാക്കി 1,754 അക്കൗണ്ടുകളിലേക്കും തുടർന്ന് ക്രിപ്‌റ്റോ വാലറ്റുകളിലേക്കും മാറ്റിയിരുന്നതായും സി.സി.ഒ.ഇ. കണ്ടെത്തി. കാംബോഡിയ കേന്ദ്രീകരിച്ചാണ് ഫോൺ കോളുകൾ വന്നതെന്നും ‘China Ma'am 4’ എന്ന പേരിൽ സേവ് ചെയ്ത കോൺടാക്റ്റ് നമ്പറുകളുമായി പ്രതി ചാറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 16 കോടി രൂപയുടെ ഇടപാടുകൾ നടത്തിയ 23 ക്രിപ്‌റ്റോ കറൻസി വാലറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഈ പണം ചൈനയിലേക്ക് അയച്ചിരിക്കാമെന്നാണ് നിഗമനം.

Content Highlights: Gujarat Police CCoE used a live digital arrest to trap and arrest a cybercrime gang member from Assam., The suspect, Rafikul Alam, handled money layering through bank accounts tied to a Rs 1,000 crore cyber fraud network.