'അനാശാസ്യത്തിന് പ്രേരിപ്പിച്ചു, എതിര്‍ത്തപ്പോള്‍ മോഷണം ആരോപിച്ച് മര്‍ദിച്ചു'; പരാതിയുമായി അതിഥി തൊഴിലാളി

പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

കോഴിക്കോട്: കൂടരഞ്ഞിയില്‍ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ പോലീസും വീട്ടുടമയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. അസം സ്വദേശി മൊമിനുള്‍ ഇസ്ലാം എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ജോലിക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി അനാശാസ്യത്തിന് പ്രേരിപ്പിച്ചുവെന്നും അത് എതിര്‍ത്തതോടെയാണ് കള്ളക്കേസില്‍ കുടുക്കുകയും മര്‍ദിക്കുകയും ചെയ്തതെന്നും മൊമിനുള്‍ ഇസ്ലാം ആരോപിച്ചു.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കൂടരഞ്ഞി സ്വദേശിയാണ് മൊമിനുള്‍ ഇസ്ലാമിനെ ജോലിക്കെന്നുപറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. ഉച്ചക്ക് രണ്ടുമണിയോടെ വീട്ടുടമ ഏല്‍പിച്ച ജോലി കഴിഞ്ഞു. ശേഷം വീട്ടുടമ തന്നോട് കുളിച്ചിട്ട് വരാന്‍ പറയുകയും റൂമിലേക്ക് വിളിച്ചു വരുത്തി മസാജ് ചെയ്യിപ്പിക്കുകയും ചെയ്തതായി മൊമിനുള്‍ ഇസ്ലാം പറയുന്നു.

ഇതിനുപിന്നാലെ തന്നെ അനാശാസ്യത്തിന് പ്രേരിപ്പിച്ചുവെന്നും അതോടെ താന്‍ ആ വീട്ടില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നും മൊമിനുള്‍ ഇസ്ലാം പറയുന്നു. എന്നാല്‍ ഇതോടെ വീട്ടുടമ മൊമിനുള്‍ ഇസ്ലാം വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്ന സിസിടിവി ദൃശ്യം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് ആരോപണം.

മൊമിനുള്‍ ഇസ്ലാം തന്റെ വീട്ടില്‍നിന്നും മാല മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും പിടിക്കപ്പെട്ടപ്പോള്‍ ഇറങ്ങി ഓടുന്ന ദൃശ്യമാണെന്നും വീട്ടുടമ വ്യാജ പ്രചാരണം നടത്തി. പിന്നാലെ പോലീസിനെയും കൂട്ടി കൂടരഞ്ഞിയിലെ

താമസസ്ഥലത്ത് എത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നും മൊമിനുള്‍ ഇസ്ലാം പറയുന്നു. കാര്യമായി പരിക്കേറ്റ ഇയാള്‍ മുക്കം മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പോലീസ് സ്‌റ്റേഷനില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന മൊമിനുള്‍ ഇസ്ലാമിന്റെ സഹോദരനെയും പോലീസ് മര്‍ദിച്ചതായി ആരോപണം ഉണ്ട്. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ മാല പരാതിക്കാരന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും അതോടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നുവെന്നും മൊമിനുള്‍ ഇസ്ലാം ആരോപിക്കുന്നു.