എടിഎമ്മിലെത്തും, പണം എടുക്കാൻ കഴിയുന്നില്ലെന്ന് പറയും; ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ

മൂവാറ്റുപുഴ: സി.ഡി.എമ്മിൽ പണം നിക്ഷേപിക്കാൻ ചെന്ന ആളിൽ നിന്നും ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പതിനായിരം രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസനെ (28) ആണ് മൂവാറ്റുപുഴ പോലീസ് സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിലെ ഒരു സി.ഡി.എമ്മിനു മുന്നിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം നിക്ഷേപിക്കാൻ വരുന്നവരോട് തനിക്ക് എ.ടി.എമ്മിൽ നിന്നും പണം എടുക്കാൻ സാധിക്കുന്നില്ലെന്നും പണം നൽകിയാൽ ഗൂഗിൾ പേ വഴി തുക അയച്ചുതരാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഗൂഗിൾ പേ ചെയ്തെന്ന രീതിയിൽ വ്യാജ സ്ക്രീൻ ഷോട്ടാണ് ഇയാൾ കാണിച്ചത്. സമാന തട്ടിപ്പിന് നേരത്തേയും റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. സമാനമായ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നന്വേഷിച്ചു വരുകയാണെന്ന് എസ്.ഐ. പറഞ്ഞു.
എസ്.ഐ.മാരായ ആർ.ബി. റോഷ്നി, സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ബാബു, ഇർഫാൻ ഹബീബ്, എം.പി. രതിഷ്, ശ്രീജു രാജൻ, വിപിൻ വർക്കി, ഷിജു രാജപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: A man named Asif K. Hassan was arrested by the Muvattupuzha police for defrauding ₹10,000 using a fake Google Pay screenshot. The incident occurred in front of a CDM in Muvattupuzha, where Asif convinced a person to give him cash, claiming he couldn't withdraw money from an ATM and would transfer the amount via Google Pay. The police are investigating whether Asif has committed similar frauds before, and he has previously been remanded for a similar offense.