ജർമനിയെ ഞെട്ടിച്ച് വൻ ബാങ്ക് കവർച്ച; നിലവറ ഭിത്തി തുരന്ന് സിനിമാ സ്റ്റൈൽ മോഷണം; 314 കോടിയുടെ നഷ്ടം

ബെർലിൻ: ജർമനിയിൽ ബാങ്കിന്റെ നിലവറ തകർത്ത് വൻ കവർച്ച. 30 മില്യൺ യൂറോ(ഏകദേശം 314 കോടി രൂപ) വിലമതിക്കുന്ന സ്വർണവും പണവും അടക്കമുള്ളവയാണ് മോഷ്ടാക്കൾ കവർന്നത്. ഗെൽസൻകിർച്ചനിലെ സ്പാർക്കസെ ബാങ്കിന്റെ ഭൂഗർഭ അറ തുരന്ന് അകത്തുകടന്ന മോഷ്ടാക്കൾ മൂവായിരത്തോളം സേഫ് ഡെപ്പോസിറ്റ് ബോക്സുകളിൽനിന്നാണ് സ്വർണവും പണവും മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിദിവസങ്ങളിലാണ് സിനിമയെ വെല്ലുന്ന കവർച്ച അരങ്ങേറിയത്. 'ഓഷ്യൻസ് ഇലവൻ' എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുംവിധമാണ് മോഷ്ടാക്കൾ ബാങ്ക് കൊള്ളയടിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ബാങ്ക് കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽനിന്നാണ് മോഷ്ടാക്കൾ ഭിത്തിതുരന്ന് നിലവറയ്ക്കുള്ളിൽ പ്രവേശിച്ചത്. തുടർന്ന് നിലവറയ്ക്കുള്ളിലുണ്ടായിരുന്ന മൂവായിരത്തോളം സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ തുറന്ന് ഇതിലുണ്ടായിരുന്ന പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു. 3250-ഓളം ഉപഭോക്താക്കളുടെ സേഫ് ഡെപ്പോസിറ്റ് ബോക്സുകളാണ് നിലവറയിൽ സൂക്ഷിച്ചിരുന്നതെന്നും ഇതിൽ 95 ശതമാനത്തിലേറെയും മോഷ്ടാക്കൾ തകർത്തതായും ബാങ്ക് അധികൃതർ പറഞ്ഞു.
ക്രിസ്മസ് പ്രമാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബാങ്കിന് അവധിയായിരുന്നു. ഈ ദിവസങ്ങളിലാണ് മോഷ്ടാക്കൾ ഭിത്തിത്തുരന്ന് നിലവറയിൽ പ്രവേശിച്ചത്. തുടർന്ന് ശനി, ഞായർ ദിവസങ്ങളിലടക്കം മോഷ്ടാക്കൾ നിലവറയ്ക്കുള്ളിൽ ചെലവഴിച്ചതായും ഓരോ ഡെപ്പോസിറ്റ് ബോക്സുകളും തുറന്ന് പണവും ആഭരണങ്ങളും കൈക്കലാക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ കെട്ടിടത്തിലെ ഫയർ അലാം മുഴങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അലാം മുഴങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയ എമർജൻസി സർവീസ് ജീവനക്കാരാണ് ഭിത്തിത്തുരന്നത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വൻ കവർച്ച നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു.
അതിനിടെ, ശനി, ഞായർ ദിവസങ്ങളിൽ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ ചില പുരുഷന്മാർ വലിയ ബാഗുകളും വഹിച്ചുപോകുന്നതായി കണ്ടെന്ന് സാക്ഷിമൊഴികളുണ്ട്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു കറുത്ത ഔഡി കാർ തിങ്കളാഴ്ച പുലർച്ചെ പുറത്തേക്ക് പോകുന്നതും പതിഞ്ഞിട്ടുണ്ട്. ഈ കാറിൽ മുഖംമൂടി ധരിച്ചിരുന്നവരാണ് യാത്രചെയ്തിരുന്നത്. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമായിരുന്നു. ഇവരാണ് മോഷണത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.
തീർത്തും പ്രൊഫണഷലായ കവർച്ചയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംഭവത്തെ വിശേഷിപ്പിച്ചത്. 'ഓഷ്യൻ ഇലവൻ' എന്ന സിനിമയെ അനുസ്മരിപ്പിക്കുംവിധം ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കവർച്ച നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കവർച്ച നടന്നെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഉപഭോക്താക്കൾ ബാങ്കിന് മുന്നിലെത്തി ബഹളംവെച്ചു. ജീവനക്കാർക്ക് നേരേ ഭീഷണിയും മുഴക്കി. തങ്ങൾക്കുണ്ടായ നഷ്ടത്തിന് സേഫ് ഡെപ്പോസിറ്റ് ബോക്സുകളുടെ ഇൻഷൂർ തുകയെക്കാൾ മൂല്യം കൂടുതലാണെന്നാണ് പല ഉപഭോക്താക്കളുടെയും വാദം. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനായി പ്രത്യേക ഹെൽപ്പ്ലൈൻ ആരംഭിച്ചതായും ക്ലെയിം നടപടികൾ സംബന്ധിച്ച് ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ഞെട്ടിക്കുന്ന കവർച്ചയാണ് നടന്നതെന്നും തങ്ങൾ ഉപഭോക്താക്കൾക്ക് ഒപ്പമാണെന്നും എത്രയുംവേഗം കുറ്റവാളികളെ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ബാങ്കിന്റെ വക്താവായ ഫ്രാങ്ക് കാൾമാനും പറഞ്ഞു.
Content Highlights: Massive heist in Germany! Thieves tunnel into a bank vault, stealing €30 million in gold & cash from thousands of safe deposit boxes during Christmas holidays. Police investigate.