എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: 10 കിലോ കഞ്ചാവുമായി നാലുപേർ റെയിൽവേ പോലീസിന്റെ പിടിയിൽ

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ ബുദ്ധദേവു മണ്ഡല്‍, സുമന്‍ ചൗധരി എന്നിവർ ഉദ്യോഗസ്ഥർക്കൊപ്പം
അറസ്റ്റിലായ ബുദ്ധദേവു മണ്ഡല്‍, സുമന്‍ ചൗധരി എന്നിവർ ഉദ്യോഗസ്ഥർക്കൊപ്പം

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ ലഹരിവേട്ടയിൽ 10 കിലോ കഞ്ചാവുമായി നാലുപേരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരും രണ്ട് മലയാളികളുമാണ് പിടിയിലായത്.

പശ്ചിമബംഗാൾ സ്വദേശികളായ ബുദ്ധദേവു മണ്ഡൽ, സുമൻ ചൗധരി എന്നിവരാണ് ഒഡീഷയിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തിയത്. ഇത് വാങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ട് മലയാളികളെയും പോലീസ് പിടികൂടിയെങ്കിലും ഇവരുടെ വിശദാംശങ്ങൾ റെയിൽവേ പോലീസ് പുറത്തുവിട്ടിട്ടില്ല.

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വിലവരും എന്നാണ് വിവരം. ലഹരിക്കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ കനത്ത പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.