ഗുണ്ടാസംഘത്തിന്റെ ജന്മദിനാഘോഷത്തിനിടെ ആക്രമണം; ആറ് പോലീസുകാർക്ക് പരിക്ക്, 12 ഗുണ്ടകൾ രക്ഷപ്പെട്ടു

നെടുമങ്ങാട്: ജന്മദിനാഘോഷത്തിന് ആളൊഴിഞ്ഞ വീട്ടിൽ ഒത്തുകൂടിയ ഗുണ്ടാസംഘം സ്ഥലത്തെത്തിയ പോലീസുകാരെ കൂട്ടമായി ആക്രമിച്ചു. നെടുമങ്ങാട് സി.ഐ. ഉൾപ്പെടെ ആറ് പോലീസുകാർക്കു പരിക്കേറ്റു. എട്ട് ഗുണ്ടകളെ പോലീസ് സാഹസികമായി പിടികൂടി. 12 പേർ ഓടിരക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി 11.40-ഓടെയാണ് സംഭവം. കാപ്പാ കേസിൽ ഉൾപ്പെട്ട സ്റ്റമ്പർ അനീഷ് എന്ന അനീഷിന്റെ നെടുമങ്ങാട് മുക്കോലയിലെ വീട്ടിലാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇയാളുടെ സഹോദരിയുടെ മകളുടെ ജന്മദിനാഘോഷത്തിനാണ് കൂട്ടാളികളെ വിളിച്ചുകൂട്ടിയത്. ഇയാളുടെ വീട്ടുകാർ ആരും ഇവിടെയുണ്ടായിരുന്നില്ല. മുക്കോലയിലെ വീട്ടിൽ അക്രമിസംഘം ഒത്തുകൂടിയെന്ന് സമീപവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെക്കണ്ട് സംഘം അക്രമാസക്തരാകുകയായിരുന്നു. സ്റ്റമ്പർ അനീഷ് ഉൾപ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് സി.ഐ. രാജേഷ്, എസ്.ഐ.മാരായ ഓസ്റ്റിൻ, സന്തോഷ്‌കുമാർ എന്നിവരുൾപ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിപ്പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായവരെല്ലാം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്.
Content Highlights: gang attacks police during raid at birthday party in thiruvananthapuram