പ്രിയം കുരുമുളകിനോട്; കടകള്‍ കുത്തിത്തുറന്ന് കുരുമുളക് മോഷണം പതിവാക്കിയ സംഘം പിടിയില്‍

അറസ്റ്റിലായവര്‍
അറസ്റ്റിലായവര്‍

വെള്ളമുണ്ട(വയനാട്): കടകള്‍ കുത്തിത്തുറന്ന് പതിവായി കുരുമുളക് മോഷ്ടിക്കുന്ന സംഘത്തെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. കൊടിയൂറ സ്വദേശി കൊയിലോത്ത് ഇസ്മയില്‍ (38) ഇസ്മയിലിന്റെ കൂട്ടാളികളായ കൊടിയൂറ ഉടുക്കോന്റവിട വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (24), കായക്കൊടി പാറേമ്മല്‍ വീട്ടില്‍ അജ്മല്‍ (28) എന്നിവരാണ് വിവിധിയിടങ്ങളില്‍വെച്ച് പോലീസിന്റെ പിടിയിലായത്.

ഒക്ടോബര്‍ 29-ന് പുലര്‍ച്ചെ കാഞ്ഞിരങ്ങാട്ടുള്ള മലഞ്ചരക്കുകട കുത്തിത്തുറന്ന് ഒന്‍പത് ചാക്ക് കുരുമുളകും തേറ്റമലയിലെ ഒരു കട കുത്തിത്തുറന്ന് പണവും സിഗരറ്റും സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌കും തോണിച്ചാലുള്ള മലഞ്ചരക്കുകടയില്‍ന്ന് നാലു ചാക്ക് കുരുമുളകുമാണ് ഇവര്‍ കവര്‍ന്നത്.

തൊണ്ടര്‍നാട് എസ്.എച്ച്. ഒ. ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടക്കുന്നതിനിടെ കാഞ്ഞിരങ്ങാട് കളവുനടന്ന കടയുടെ സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

തൊട്ടില്‍പ്പാലം, കുറ്റ്യാടി, മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും സമാനമായ കവര്‍ച്ച നടന്നതോടെ പ്രതികള്‍ ചുരത്തിനു താഴെയുള്ളവരാവാമെന്ന നിഗമനത്തില്‍ പോലീസെത്തി. പക്രംതളംമുതല്‍ അഞ്ചുകുന്നുവരെയും കാഞ്ഞിരങ്ങാടുമുതല്‍ മാനന്തവാടിവരെയും നൂറോളം സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. ബൈക്കിലെത്തിയ പ്രതികള്‍ നാലാംമൈല്‍ ഭാഗത്തേക്ക് ബൈക്ക് ഓടിച്ച് പോകുന്നതും ബൈക്കിലും ഒരു കാറിലുമായി കുരുമുളക് ചാക്ക് കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തി. തുടര്‍ന്ന് കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇസ്മയിലിന്റെ വാഹനമാണെന്ന് കണ്ടെത്തിയത്.

മുഹമ്മദ് സുഹൈലിനെ താമസിക്കുന്ന വീടിനു സമീപത്തുനിന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടെങ്കിലും സുഹൈലിനെയും ഇസ്മയിലിനെയും പിന്നീട് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. അജ്മലിനെ തൊട്ടില്‍പ്പാലം പോലീസും പിടികൂടി. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തൊണ്ടര്‍നാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

Content Highlights: four arrested in wayanad vellamunda for pepper theft