ഫെയ്‌സ്ബുക്ക്, നൈക്കി കമ്പനികളില്‍നിന്ന് തട്ടിയെടുത്തത് കോടികള്‍; മുന്‍ ജീവനക്കാരിക്ക് തടവ് ശിക്ഷ

പ്രതി ബാര്‍ബറ | Photo Courtesy: x.com/Mc_Wena98
പ്രതി ബാര്‍ബറ | Photo Courtesy: x.com/Mc_Wena98

ന്യൂയോര്‍ക്ക്: മെറ്റ, നൈക്കി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസില്‍ മുന്‍ ജീവനക്കാരിക്ക് തടവുശിക്ഷ. മെറ്റയുടെ ഉപകമ്പനിയായ ഫെയ്‌സ്ബുക്കിലും സ്‌പോര്‍ട്‌സ് വെയര്‍ നിര്‍മാണ കമ്പനിയായ നൈക്കിയിലും ഡൈവേഴ്‌സിറ്റി മാനേജരായിരുന്ന ബാര്‍ബറ ഫര്‍ലോ സ്‌മൈല്‍സി(38)നെയാണ് കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ക്രമക്കേടിലൂടെ തട്ടിയെടുത്ത പണം കമ്പനികള്‍ക്ക് തിരിച്ചടക്കണമെന്നും കോടതി ഉത്തരവിട്ടു. 

50 ലക്ഷത്തിലധികം ഡോളറാണ് (ഏകദേശം 41 കോടിയിലധികം രൂപ) രണ്ട് കമ്പനികളില്‍നിന്നുമായി യുവതി തട്ടിയെടുത്തത്. ആഡംബര ജീവിതത്തിനായാണ് പ്രതി ഈ പണം വിനിയോഗിച്ചതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 

ജോര്‍ജിയ സ്വദേശിയായ ബാര്‍ബറ 2017 മുതല്‍ 2021 വരെയാണ് ഫെയ്‌സ്ബുക്കില്‍ ഡൈവേഴ്‌സിറ്റി മാനേജരായി ജോലിചെയ്തിരുന്നത്. ഇക്കാലയളവില്‍ കമ്പനിക്ക് ലഭിക്കാത്ത സേവനങ്ങളുടെ പേരില്‍ ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. 

ഏകദേശം 4.98 ലക്ഷം ഡോളറാണ് ഫെയ്‌സ്ബുക്കില്‍നിന്ന് മാത്രം യുവതി കൈക്കലാക്കിയത്. വ്യാജ ഇന്‍വോയ്‌സുകള്‍ നല്‍കിയും മറ്റു ഇടപാടുകാരുടെ പേരിലുമാണ് കമ്പനിയില്‍നിന്ന് പണം തട്ടിയത്. കമ്പനിയില്‍നിന്ന് ഇത്തരം വ്യാജ ഇടപാടുകാര്‍ക്ക് ലഭിച്ചിരുന്ന പണം തിരികെ ബാര്‍ബറ തന്നെ വാങ്ങിയെടുക്കുകയായിരുന്നു. ഇതിനുപുറമേ ഫെയ്‌സ്ബുക്കിന്റെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെയും പണം തട്ടിയെടുത്തു. ഫെയ്‌സ്ബുക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തം പേയ്പാല്‍, കാഷ് ആപ്പ് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്താണ് പണം കവര്‍ന്നത്. ഇതിലൂടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും യുവതി പണം കൈമാറിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

2021 പകുതിയോടെയാണ് ഫെയ്‌സ്ബുക്കില്‍നിന്ന് ബാര്‍ബറയെ പുറത്താക്കിയത്. ഇതിനുശേഷം 2021 നവംബറില്‍ യുവതി 'നൈക്കി'യില്‍ 'ഡൈവേഴ്‌സിറ്റി ഡയറക്ടര്‍' ആയി ജോലിക്ക് കയറി. 2023 ഫെബ്രുവരി വരെ നൈക്കിയില്‍ ജോലിചെയ്ത യുവതി സമാനമായ തട്ടിപ്പ് വീണ്ടും നടത്തി. ഏകദേശം 1.21 ലക്ഷം ഡോളറാണ് ഇത്തരത്തില്‍ നൈക്കിയില്‍നിന്ന് തട്ടിയെടുത്തതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
 

Content Highlights: former facebook nike employee barbar furlow gets imprisonment for money fraud