ഇപ്പോ പോയേനെ...കൈമാറുന്നതിന് തൊട്ടുമുമ്പ് മുന്നറിയിപ്പ്; FRI സംരക്ഷിച്ചത് 5403 കോടി രൂപ

കൊച്ചി: സൈബർത്തട്ടിപ്പിൽ പണം നഷ്ടപ്പെടുന്നതിനുമുൻപേ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (എഫ്.ആർ.ഐ.) സംവിധാനം വഴി രാജ്യത്ത് കഴിഞ്ഞ 14 മാസത്തിനിടെ സംരക്ഷിച്ചത് 5403 കോടി രൂപ. ഏതെങ്കിലുമൊരു മൊബൈൽ നമ്പർ സൈബർ കുറ്റകൃത്യങ്ങളുമായോ സാമ്പത്തികത്തട്ടിപ്പുകളുമായോ ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടോ എന്ന് തത്സമയം വിലയിരുത്താൻ സാമ്പത്തിക സ്ഥാപനങ്ങളെ സഹായിക്കുന്ന സംവിധാനമാണ് എഫ്.ആർ.ഐ. ടെലികോം വകുപ്പിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമാണ് വികസിപ്പിച്ചത്.
സംശയാസ്പദമായവരുടെ വിവരം ബാങ്കുകൾ, പേയ്മെന്റ് സേവന ദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ, സെക്യൂരിറ്റീസ് ഇടനിലക്കാർ എന്നിവയുമായി പങ്കിടും. പ്രശ്നമുണ്ടെന്ന് കരുതുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം നിക്ഷേപിക്കാൻ ശ്രമിക്കുമ്പോൾ അത് തട്ടിപ്പാണെന്ന് സംശയമുണ്ടെന്ന സന്ദേശം തത്സമയം പങ്കുവെക്കും.
ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിങ്ങനെ 1600-ഓളം സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞ മേയിലാണ് എഫ്.ആർ.ഐ. തുടങ്ങിയത്. ധനകാര്യസ്ഥാപനങ്ങൾ സംവിധാനം ഉപയോഗിച്ചു തുടങ്ങിയതോടെ, ആദ്യ ആറുമാസത്തിനുള്ളിൽ 660 കോടി രൂപയുടെ തട്ടിപ്പ് തടയാൻ സാധിച്ചു.
സൈബർ തട്ടിപ്പിലൂടെ 2025-ൽ രാജ്യത്ത് 22,495 കോടി രൂപയാണ് നഷ്ടപ്പെട്ടത്. 2026 ഒാഗസ്റ്റ് വരെയുള്ള കണക്കിൽ നഷ്ടപ്പെട്ട പണത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്, 647 കോടി രൂപയാണ് നഷ്ടമായത്.
Content Highlights: The Financial Fraud Risk Indicator (FRI) system has saved Rs 5,403 crore over the last 14 months., Developed by the Department of Telecommunications' digital intelligence platform, FRI helps financial institutions identify suspicious mobile numbers in real-time., Around 1,600 institutions, including banks and insurance companies, integrated with FRI since its launch in May., Cyber fraud losses significantly dropped to Rs 647 crore by August 2026 compared to Rs 22,495 crore in 2025.