ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അച്ഛന്റെ രഹസ്യമൊഴി 23-ന് രേഖപ്പെടുത്തും

പദ്മകുമാര്‍, അനിതാകുമാരി, അനുപമ
പദ്മകുമാര്‍, അനിതാകുമാരി, അനുപമ

കൊല്ലം:ഓയൂർ ഓട്ടുമലയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്‌ സി.ബി.രാജേഷ് തിങ്കളാഴ്ച രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അന്വേഷണത്തിൽ തൃപ്തനാണെന്നും തന്റെ സ്വകാര്യസംഭാഷണം വളച്ചൊടിച്ചു നൽകിയതാണെന്നും റൂറൽ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞദിവസം മൊഴിനൽകിയിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന തരത്തിൽ പിതാവിന്റെ പരാമർശം മുൻപ്‌ പ്രചരിച്ചിരുന്നു. 

തുടർന്ന് കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതിവാങ്ങി. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച മൊഴി രേഖപ്പെടുത്തിയത്.

2023 നവംബർ 27-ന് വൈകീട്ട് 4.30-നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പദ്‌മകുമാർ, ഭാര്യ എം.ആർ.അനിതാകുമാരി, മകൾ അനുപമ എന്നിവരാണ്‌ പ്രതികൾ. അനിതാകുമാരിക്കും അനുപമയ്ക്കും കോടതിയിൽനിന്ന് ജാമ്യം ലഭിച്ചിരുന്നു. പത്തുലക്ഷം രൂപയ്ക്കുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

Content Highlights: Fathers statement to be recorded on 23 in oyur girl missing case