19-കാരിയെ വിവാഹനിശ്ചയത്തിന്റെ തലേന്ന് പിതാവ് കഴുത്തുഞെരിച്ചുകൊന്നു; ക്രൂരത പ്രണയബന്ധത്തിലുള്ള എതിർപ്പുമൂലം

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ഹൈദരാബാദ്: തെലങ്കാനയിൽ വിവാഹനിശ്ചയത്തലേന്ന് പെൺകുട്ടിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആദിലാബാദിലാണ് സംഭവം. കല്യാണിയെന്ന 19-കാരിയേയാണ് പിതാവ് കൈലാസ് കൊലപ്പെടുത്തിയത്.

മാതൃസഹോദരന്റെ മകനുമായി താൻ പ്രണയത്തിലാണെന്ന് കല്യാണി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. നവംബർ 24-നാണ് സംഭവം. 25-ാം തീയതി മറ്റൊരു യുവാവുമായി കല്യാണിയുടെ വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു.

നവംബർ 23-ന് വൈകിട്ടാണ് തന്റെ പ്രണയത്തെക്കുറിച്ച് കല്യാണി മാതാപിതാക്കളോട് പറഞ്ഞത്. പിന്നാലെ വീട്ടിൽ വലിയ വഴക്കുണ്ടായി. കോപാകുലനായ പിതാവ് കൈലാസ്, കല്യാണിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കല്യാണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും കൈലാസ് ശ്രമിച്ചു. തൂങ്ങിമരിച്ചതെന്ന് തോന്നിപ്പിക്കാൻ കഴുത്തിൽ തുണികൊണ്ട് കുരുക്കുണ്ടാക്കി കെട്ടിത്തൂക്കി. മാതാപിതാക്കൾ കണ്ടെത്തിയ ആളെ വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതിനാൽ കല്യാണി, ജീവനൊടുക്കി എന്നാണ് കൈലാസ് ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞത്.

എന്നാൽ, മരണം നടന്ന ഉടൻതന്നെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കിയതോടെ ഗ്രാമവാസികളിൽ ചിലർക്ക് സംശയം തോന്നുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൈലാസ് മകളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്.

Content Highlights: 19-year-old Kalyani was murdered by her father Kailas in Adilabad, Telangana., The killing occurred on November 24, just a day before her scheduled engagement., The father committed the murder after she confessed her love for her maternal uncle's son., The accused tried to stage the murder as suicide by hanging before police intervened.