'സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു, വേഗംവാ ഞാന്‍ തീയണയ്ക്കുകയാണ്'; വലച്ച് വ്യാജസന്ദേശം

പ്രതീകാത്മകചിത്രം/ മാതൃഭൂമി
പ്രതീകാത്മകചിത്രം/ മാതൃഭൂമി

പേരൂര്‍ക്കട: ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചെന്ന വ്യാജസന്ദേശം നല്‍കി അഗ്‌നിരക്ഷാസേനയെയും നാട്ടുകാരെയും വലച്ചയാളെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വഴയില-വേറ്റിക്കോണം റോഡിലെ കാവടിത്തലയ്ക്കല്‍ പ്രദേശത്തെ ഒരു വീട്ടില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതായും രണ്ടുപേര്‍ മരിച്ചതായും അഗ്‌നിരക്ഷാസേനയെ ഒരാള്‍ ഫോണ്‍ വഴി അറിയിച്ചു. 

വിളിച്ചയാള്‍ സുരന്‍ എന്നാണ് പേരു പറഞ്ഞത്. അപകടതീവ്രത തിരിച്ചറിഞ്ഞ് മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തേക്കു പാഞ്ഞു. വഴിയറിയാന്‍ തിരികെ വിളിച്ചപ്പോള്‍, പെട്ടെന്ന് എത്തണമെന്നും താന്‍ തീയണയ്ക്കുന്ന തിരക്കിലാണെന്നും അഗ്‌നിരക്ഷാസേനയെ ഇയാള്‍ അറിയിച്ചു. 

ഇതിനിടയില്‍ ഒന്നിലധികം ആംബുലന്‍സുകളും സ്ഥലത്തെത്തി. ഈ വാഹനങ്ങളെല്ലാം എത്തിയപ്പോഴാണ് കാവടിത്തലയ്ക്കല്‍ പ്രദേശവാസികള്‍ അപകടത്തെക്കുറിച്ചറിയുന്നത്. അതോടെ നാട്ടുകാരും പരിഭ്രാന്തരായി. 

വീട് തിരിച്ചറിയാനായി അപകടം വിളിച്ചറിയിച്ചയാളുടെ മൊബൈലിലേക്ക് അഗ്‌നിരക്ഷാസേന വിളിച്ചെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. പിന്നീട് മൊബൈല്‍ ഓഫായി. ഇതേത്തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനാംഗങ്ങളും വട്ടിയൂര്‍ക്കാവ് പോലീസും ചേര്‍ന്ന് പ്രദേശത്തെ വീടുകള്‍ പരിശോധിച്ചെങ്കിലും ഒരിടത്തും അപകടം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. അതോടെ സന്ദേശം വ്യാജമെന്ന് അഗ്‌നിരക്ഷാസേനയും പോലീസും തിരിച്ചറിഞ്ഞു. തുടര്‍ന്ന് തിരികെപ്പോയി. 

സംഭവത്തില്‍ അഗ്‌നിരക്ഷാസേന അധികൃതര്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ശ്രമം തുടങ്ങി.

Content Highlights: fake message to fire force investigation is going on