പലതവണ ബാങ്കിനെ പറ്റിച്ചു, വീണ്ടുമെത്തി; സ്വർണം പരിശോധിച്ചപ്പോൾ മുക്കുപണ്ടം; അറസ്റ്റ്

• അൻഫർ, നസറുദീൻ
• അൻഫർ, നസറുദീൻ

വലിയമല (തിരുവനന്തപുരം): സ്ഥിരമായി മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ വലിയമല പോലീസ് അറസ്റ്റു ചെയ്തു. പൂന്തുറ സ്വദേശികളായ അൻഫർ (39), നാസറുദീൻ (45) എന്നിവരെയാണ് വലിയമല സിഐ ശ്രീകുമാറും സംഘവും പിടികൂടിയത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ചുള്ളിമാനൂരിലെ സ്വകാര്യ സ്വർണപ്പണയ ഇടപാട് സ്ഥാപനത്തിൽ പണയംവയ്ക്കാനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ഇതിൽ അൻഫർ മുൻപ്‌ മൂന്നുതവണ ഈ സ്ഥാപനത്തിൽ മുക്കുപണ്ടം പണയത്തട്ടിപ്പ് നടത്തിയിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അൻഫറാണ് ആഭരണവുമായി എത്തിയത്. നാസറുദീൻ മാറിനിൽക്കുകയായിരുന്നു. ആഭരണങ്ങളിൽ സംശയംതോന്നിയ ജീവനക്കാർ പണം എടുത്തുവരാം എന്നുപറഞ്ഞ് സമീപത്തെ ജൂവലറിയിൽ വള പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ അൻഫർ നാട്ടുകാരെ വെട്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ പിന്തുടർന്ന് പിടികൂടി. 12.06 ഗ്രാമുള്ള വളയാണ് ഇയാൾ കൊണ്ടുവന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് നാസറുദീനെയും പിടികൂടാനായത്.

സെപ്റ്റംബറിൽ മൂന്നുതവണ അൻഫർ ഇതേസ്ഥാപനത്തിൽനിന്ന് 2.49 ലക്ഷം രൂപയ്ക്ക് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തിരുന്നു. നാസറുദീനും മുക്കുപണ്ടംവെച്ച് 49,000 രൂപ തട്ടിയെടുത്തിരുന്നു. പണയ ഉരുപ്പടികൾ വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു സ്ഥിരീകരിച്ചതെന്ന് സ്ഥാപനയുടമ പറഞ്ഞു. ചുള്ളിമാനൂരിൽ വാടകയ്ക്കു താമസിച്ച് പരിചയക്കാരുടെ പേരുപറഞ്ഞാണ് പണയംവയ്ക്കാൻ എത്തുന്നത്.

Content Highlights: Two Arrested in Thiruvananthapuram for Large-Scale Counterfeit Jewellery Pawn Fraud