10 രൂപയടക്കാന്‍ ലിങ്കുതുറന്നു, പോയത് 97970 രൂപ; TMT കമ്പിയുടെ പേരിലും തട്ടിപ്പ്, 3 പേര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം | Photo: canva
പ്രതീകാത്മക ചിത്രം | Photo: canva

പട്‌ന: ബിഹാറില്‍ രണ്ട് സൈബര്‍ തട്ടിപ്പുകേസുകളിലായി മൂന്നുപേര്‍ പിടിയില്‍. വ്യാജ കൊറിയര്‍ സര്‍വീസിന്റെ പേരില്‍ ആളുകളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചുവിറ്റും കുറഞ്ഞ വിലയില്‍ കമ്പി നല്‍കാമെന്ന് പരസ്യം നല്‍കിയും പണം തട്ടിയ കേസിലാണ്‌ അറസ്റ്റ്. സൗരവ് കുമാര്‍ (28), ദീപക് കുമാര്‍ (28), ജിതേന്ദ്ര കുമാര്‍ (32) എന്നിവരെയാണ് രണ്ട് കേസുകളിലായി അറസ്റ്റുചെയ്തത്. 

പ്രമുഖ കൊറിയര്‍ കമ്പനികളുടെ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ചാണ് സൗരവ് കുമാര്‍ തട്ടിപ്പുനടത്തിയത്. സെര്‍ച്ച് എന്‍ജിനുകളില്‍ പരസ്യങ്ങള്‍ നല്‍കി ആളുകളെ ഈ സൈറ്റുകളിലേക്കെത്തിച്ചു. തുടര്‍ന്ന് വ്യക്തികളുടെ പേരും മൊബൈല്‍ നമ്പറുകളുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് അത് മറ്റു തട്ടിപ്പുകേന്ദ്രങ്ങള്‍ക്കു വിറ്റു. പ്രതിദിനം മുന്നൂറോളം പേരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ചു വിറ്റത്. 

സൗരവ് നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് കൂട്ടുപ്രതികള്‍ ഓരോരുത്തരെയായി ബന്ധപ്പെടും. കൊറിയര്‍ ഏജന്റ് എന്ന പേരിലായിരിക്കും വിളിക്കുക. ചരക്കിന് അധിക ഭാരമുണ്ടെന്നും അതിന് അഞ്ചോ പത്തോ രൂപ ഓണ്‍ലൈനായി അടയ്ക്കണമെന്നുമാണ് ആവശ്യപ്പെടുക. പണമടക്കാനായി ഒരു ലിങ്ക് അയച്ചുനല്‍കും. അതുവഴി വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും പണം തട്ടുകയുമാണ് ഇവരുടെ രീതി. 

35-കാരിയായ ഒരു അഭിഭാഷക ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ചരക്കു കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതായും പിന്നാലെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 97,970 രൂപ നഷ്ടപ്പെട്ടതായും ഇവര്‍ ബിഹാറിലെ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു. യു.പി.ഐ. ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു പണം പിന്‍വലിച്ചത്. 

സംഭവത്തില്‍ അന്വേഷണം നടത്തിയ സൈബര്‍ പോലീസ്, നളന്ദയിലും നവാഡയിലും വെച്ചാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് അഞ്ചുദിവസം നടത്തിയ തുടര്‍ച്ചയായ പരിശോധനയില്‍ സൗരവ് കുമാറിനെ അറസ്റ്റുചെയ്യുകയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ സൗരവില്‍നിന്ന് ഒരു ലാപ്‌ടോപ്പും അഞ്ച് സ്മാര്‍ട്ട്‌ഫോണുകളും പിടിച്ചെടുത്തു. 

ടി.എം.ടി. കമ്പിയുടെ പേരിലും തട്ടിപ്പ്

ടി.എം.ടി. ബാര്‍സിന്റെ പേരില്‍ തട്ടിപ്പു നടത്തിയാണ്  ദീപക്കിനും ജിതേന്ദ്രയ്ക്കും കുരുക്കായത്. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് നൂറോളം ഡല്‍ഹി വ്യവസായികളെ ഇവര്‍ ഇത്തരത്തില്‍ കബളിപ്പിച്ചെന്ന് പോലീസ് പറയുന്നു. ബിഹാര്‍ സ്വദേശികളായ ഇവരെ നളന്ദ, പട്‌ന എന്നിവിടങ്ങളില്‍നിന്നാണ് പിടികൂടിയത്. പട്‌ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം, ഇരുമ്പുദണ്ഡുകളും ടി.എം.ടി. ബാറുകളും കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യങ്ങളും നല്‍കി. 

ഇരുമ്പു സാധനങ്ങളുടെ മൊത്തവ്യാപാരികളായി സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ ആ തരത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിച്ചെടുക്കും. തുടര്‍ന്ന് ആകെ തുകയുടെ പകുതി മുന്‍കൂറായി അടയ്ക്കാന്‍ ആവശ്യപ്പെടും. ഇത് ലഭ്യമാകുന്ന മുറയ്ക്ക്, സംഘത്തിന്റെ ഫോണ്‍ നമ്പറുകള്‍ സ്വിച്ച് ഓഫാകും. ആഡംബര ജീവിതത്തിനായാണ് പ്രതികള്‍ പണം ഉപയോഗിച്ചിരുന്നത്. ഇവരില്‍നിന്ന് 15 മൊബൈല്‍ഫോണുകള്‍, 25 സിം കാര്‍ഡുകള്‍, 20 എ.ടി.എം. കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. 

Content Highlights: fake ads, non-existent courier service, two gangs sold data, duped thousands