കാക്കി അഴിച്ചിട്ടും ശീലംമാറ്റിയില്ല; കഞ്ചാവ് കടത്തിയതിന് പണിപോയ മുൻ പോലീസ് ഡ്രൈവർ MDMAയുമായി പിടിയിൽ

കരുനാഗപ്പള്ളി: കേരള പോലീസിൽ ഡ്രൈവറായി ജോലിചെയ്യുമ്പോൾ വാഹനത്തിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായി ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടയാൾ വീണ്ടും മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കർ ആണ് പിടിയിലായത്.
കഴിഞ്ഞദിവസം കൊല്ലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽനിന്ന് 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും കൊല്ലം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. ജോലിയിൽനിന്ന് പുറത്തായ ശേഷവും ഇയാൾ പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്നുവ്യാപാരം നടത്തിവരികയായിരുന്നെന്ന് എക്സൈസ് അറിയിച്ചു.
പുനലൂരിൽ ജോലിചെയ്യുമ്പോഴാണ് ഇയാൾ 26 കിലോ കഞ്ചാവ് വാഹനത്തിൽ കടത്തിയ കേസിൽ ജോലിയിൽനിന്ന് പുറത്താക്കിയത്.
പരിശോധനകൾക്ക് കരുനാഗപ്പള്ളി സി.ഐ. ഷാജി നേതൃത്വം നൽകി. സ്ക്വാഡ് പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർമാരായ ജ്യോതി, സജീവ്, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ബി. ഗംഗ, സുനിൽ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, അനന്തു, ജയകുമാർ എന്നിവർ പങ്കെടുത്തു.