പൂജപ്പുര ജയില്‍ കഫറ്റീരിയയിലെ മോഷണം; മുന്‍ തടവുകാരന്‍ പിടിയിൽ

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കഫറ്റീരിയയില്‍നിന്ന് 4.25 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാൾ പിടിയിലായി. പൂജപ്പുര ജയിലിലെ മുന്‍ തടവുകാരനായിരുന്ന അബ്ദുല്‍ഹാദിയാണ് പിടിയിലായത്. മോഷണക്കേസില്‍ തന്നെയാണ് ഇയാള്‍ മുന്‍പ് ശിക്ഷ അനുഭവിച്ചിരുന്നത്. ഈ ഘട്ടത്തില്‍ ഇയാൾ കാന്റീനില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. തിരുവല്ലയില്‍ നിന്നാണ് പൂജപ്പുര പോലീസ് ഇയാളെ പിടികൂടിയത്.
കഫറ്റീരിയ കെട്ടിടത്തിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ത്ത് അകത്തുകയറി ഓഫീസിന്റെ വാതില്‍ തുറന്നാണ് മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ 18-ാം തീയതി പുലര്‍ച്ചെ നാലരയ്ക്കാണ് മോഷണവിവരം അറിയുന്നത്. കഫറ്റീരിയയെക്കുറിച്ച് അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്ന് സംശയമുണ്ടായിരുന്നു.
ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ സിസിടിവി ക്യാമറകള്‍ മുകളിലേക്ക് ഉയര്‍ത്തിവെച്ച നിലയിലായിരുന്നു. മൂന്നു ദിവസത്തെ പണമായിരുന്നു മോഷണംപോയത്.
ആഴ്ചാവസാനമായതിനാല്‍ കൂടുതല്‍ പണം ഭക്ഷണശാലയില്‍ സൂക്ഷിച്ചിരിക്കും എന്നറിയാവുന്നയാളാണ് മോഷണത്തിനു പിന്നിലെന്നും അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തടവുകാരും താത്കാലിക ജീവനക്കാരും കഫറ്റീരിയയില്‍ ജോലിചെയ്യാറുണ്ട്.
Content Highlights: Former Inmate Arrested for ₹4.25 Lakh Theft from Poojappura Central Jail Cafeteria