ആധാർ മുഖ്യം സാറേ... ജയിൽ ചാടിയ പ്രതി ആധാർചോദിച്ച് പോലീസ് സ്റ്റേഷനിൽ, പിന്നാലെ വീണ്ടുംമുങ്ങി

പെരുമ്പാവൂർ: ജയിൽ ചാടിയ പ്രതി ആധാർ കാർഡ് ചോദിച്ചെത്തിയത് പോലീസ് സ്റ്റേഷനിൽ. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം. ആലുവ സബ് ജയിലിൽ നിന്ന് തടവുചാടിയ പ്രതി തന്റെ ആധാർ കാർഡ് ചോദിച്ച് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വീണ്ടും പിടിയിലാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. അസം സ്വദേശിയായ മധുർ സോനോവൽ എന്നയാളാണ് പോലീസിനെ വട്ടംചുറ്റിച്ച് രക്ഷപ്പെട്ടത്. ഇതോടെ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
മൊബൈൽ ഫോൺ മോഷണക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് മധുറിനെ എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ ആലുവ സബ് ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഓഗസ്റ്റ് 24-നാണ് ഇയാൾ തടവുചാടിയത്. ജയിൽ വളപ്പിനുള്ളിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി അവിടെനിന്ന് വലിയ മതിൽ ചാടിക്കടന്ന് ഇയാൾ രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് നിഗമനം. പെരുമ്പാവൂർ പോലീസിന്റെ സഹായത്തോടെ എടത്തല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജയിൽ ചാടിയ ശേഷം പ്രതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ ആധാർ കാർഡ് പെരുമ്പാവൂർ സ്റ്റേഷനിലാണെന്ന ധാരണയിലാണ് ഇയാൾ ഇങ്ങോട്ടേക്കെത്തിയത്.
സ്റ്റേഷനിലെത്തിയ പ്രതി തന്റെ ആധാർ കാർഡ് തിരികെ നൽകണമെന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് ആദ്യം ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ കണ്ടതോടെ വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതി അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പെരുമ്പാവൂർ മേഖലയിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറിയിട്ടുമുണ്ട്. ഇയാൾ ട്രെയിൻ മാർഗ്ഗം കേരളം വിട്ടുപോകാൻ സാധ്യതയുള്ളതിനാൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്വദേശമായ അസമിലേക്ക് ഇയാൾ കടക്കാൻ സാധ്യതയുള്ളതിനാൽ അസം പോലീസിനും വിവരം കൈമാറുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ വീഴ്ചകളെ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: An accused, Madhur Sonowal, escaped from Aluva sub-jail on August 24., He went to the Perumbavoor police station to retrieve his confiscated Aadhaar card., Realizing he was recognized, he fled from the station premises., Police have intensified the search, issuing a lookout notice and alerting railway authorities.