'മമ്മീ, പപ്പാ, സോറി...'; പഠനസമ്മർദം, എൻജിനീയറിങ് വിദ്യാർഥിനി ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ

#ന്യൂസ് ഡെസ്ക്
പ്രിന്‍സി കുമാരി | Photo courtesy: x.com/IndiaTodayFLASH
പ്രിന്‍സി കുമാരി | Photo courtesy: x.com/IndiaTodayFLASH

റായ്പുർ: ഛത്തീസ്ഗഢിൽ എൻജിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ജംഷേദ്പുർ സ്വദേശിനിയായ പ്രിൻസി കുമാരി(20)യെയാണ് പുൻജിപാത്രയിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി എട്ടരമണിയോടെ പ്രിൻസിയെ മാതാപിതാക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ മാതാപിതാക്കൾ ഹോസ്റ്റൽ വാർഡനെ ബന്ധപ്പെട്ടു. വാർഡൻ പ്രിൻസിയുടെ മുറിയിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. ഏറെനേരം വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ജനൽവഴി മുറിയിലേക്ക് നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ബിടെക് കമ്പ്യൂട്ടർ സയൻസ് രണ്ടാംവർഷ വിദ്യാർഥിനിയായ പ്രിൻസി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹോസ്റ്റൽമുറിയിൽനിന്ന് വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. പഠനസമ്മർദം കാരണം ജീവനൊടുക്കുകയാണെന്ന് കുറിപ്പിലുള്ളതെന്നും പോലീസ് വ്യക്തമാക്കി.

മാതാപിതാക്കളോട് ക്ഷമാപണം നടത്തിയാണ് വിദ്യാർഥിനിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ''മമ്മി, പപ്പാ, എന്നോട് ക്ഷമിക്കണം. നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല'' എന്നായിരുന്നു പ്രിൻസിയുടെ വാക്കുകൾ. മാതാപിതാക്കളുടെ സമ്പാദ്യം തന്റെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിട്ടും പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്തതിൽ കുറ്റബോധമുണ്ടെന്നും വിദ്യാർഥിനിയുടെ കുറിപ്പിലുണ്ടായിരുന്നു.

പ്രിൻസി ആദ്യ സെമസ്റ്ററിൽ അഞ്ച് വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഇതിനിടെ ആദ്യ സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകൾക്കൊപ്പം നിലവിലെ സെമസ്റ്ററിലെ പരീക്ഷകളും എഴുതേണ്ടിവന്നു. സെമസ്റ്റർ ഫീസ് അടയ്ക്കാനായി ഒരുലക്ഷം രൂപ വേണമെന്ന് പ്രിൻസി അടുത്തിടെ ആവശ്യപ്പെട്ടിരുന്നതായും കുടുംബം പറഞ്ഞു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: A 20-year-old engineering student was found dead in her hostel room in Chhattisgarh, with police suspecting suicide due to academic pressure. Read more.